ബിഗ് ബോസ് താരങ്ങളിൽ മലയാളികൾ അധികം പരിചിതമല്ലാത്ത മുഖമായിരുന്നു അലസാൻഡ്രയുടേത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ നിരവധി ആരാധകരെയാണ് സാൻഡ്ര സ്വന്തമാക്കിയത്. എയർ ഹോസ്റ്റസായിരുന്ന സാൻഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ബിഗ് ബോസ് സീസൺ രണ്ടിലേക്ക് വന്നത്. ഇപ്പോൾ മോഡലിങ്ങും അഭിനയവുമടക്കമുള്ള മീഡിയ ഫീൽഡിലാണ് താരം.

ബിഗ് ബോസിന് ശേഷം ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ സജീവമായിരുന്നു താരം. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടക്കുന്നത്. 'ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ' എന്ന തലക്കെട്ടുമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഗര്‍ഭിണിയെന്ന പോലെ കിടക്കയിൽ നിറവയറുമായി കിടക്കുന്ന ദൃശ്യങ്ങളോടെയാണ്  വീഡിയോ തുടങ്ങുന്നത്. പിന്നെ സാൻഡ്ര തന്‍റെ വളർത്തുനായ കുട്ടി വിസ്കിയെ കുളിപ്പിക്കുന്നതാണ് വീഡിയോ. രസകരമായി സംസാരിച്ചുകൊണ്ടാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്.

താൻ തന്‍റെ നല്ല പ്രായത്തില്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒരു കൊച്ചിനെ ആയിരുന്നു കുളിപ്പിക്കേണ്ടതെന്നും, ആ ഞാനാണിവിടെ പട്ടിക്കുഞ്ഞിനെ കുളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ ഇടയ്ക്കുള്ള കമന്റ്. എന്തായാലും ഇതിലും ഭേദം അതായിരുന്നെന്നും അലസാൻഡ്ര രസകരമായ സംസാരത്തിനിടയിൽ പറയുന്നു.