ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ആരംഭിക്കുന്ന 'ദയ' എന്ന പരമ്പരയിലൂടെയാണ് ജോണ്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമാകുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജോണ്‍ ജേക്കബ്(john jacob). ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ജേണ്‍ അനുരാഗം എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായ അഭിയായും എത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്കെത്തിയ ജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളിയുടെ പ്രിയ നടി ധന്യ മേരി വര്‍ഗ്ഗീസിനെയാണ്(dhanya mary varghese). സ്‌ക്രീനില്‍ ഒന്നിച്ച് നിന്നശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. താരോത്സവം എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജോണിന്റെ ഡാന്‍സ് സ്‌കില്‍ ആളുകള്‍ അടുത്തറിഞ്ഞത്. സോഷ്യല്‍മീഡിയയില്‍(socila media) സജീവമായ ജോണ്‍ തന്റെ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ആരംഭിക്കുന്ന 'ദയ' എന്ന പരമ്പരയിലൂടെയാണ് ജോണ്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമാകാന്‍ പോകുന്നത്. ആദ്യ പരമ്പരയായ അനുരാഗത്തില്‍ വളരെ പാവത്താനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍, ദയയില്‍ നേര്‍ വിപരീതമായി, നെഗറ്റീവ് കഥാപാത്രവുമായാണ് ജോണ്‍ എത്തുന്നത്. ''വളരെ വഴക്കാളിയായ, പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള പ്രശ്‌നക്കാരനാണ് ദീപക്. ദീപക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ക്ക് വഴിയെ കാണാന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ഒരുപാട് താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്.'' എന്നാണ് ഏഷ്യാനെറ്റ് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ജോണ്‍ പറയുന്നത്.

കന്നഡ തെലുങ്ക് സിനിമാ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ പല്ലവി ഗൗഡയാണ് പ്രധാന കഥാപാത്രമായ ദയയെ അവതരിപ്പിക്കുന്നത്. അല്ലിയാമ്പല്‍ എന്ന മലയാള പരമ്പരയിലെ അല്ലിയായി പല്ലവി മലയാളിക്ക് പരിചിതയാണ്. പുതുമുഖ താരമായ സന്ദീപ് മോഹനാണ് പരമ്പരയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വരുന്ന നവംബര്‍ ഒന്ന് മുതലാണ് വൈകീട്ട് 6 മണിക്ക് ദയ സംപ്രേഷണം തുടങ്ങുന്നത്.