കോമഡി നമ്പറുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പിഷാരടിയുടെ നര്‍മ്മബോധം സ്‌റ്റേജില്‍ മാത്രമല്ല എന്നതാണ്, ആരാധകര്‍ക്ക് അദ്ദേഹത്തോട് പ്രത്യേക ഇഷ്ടത്തിനുകാരണം. സോഷ്യല്‍മീഡിയയിലും പിഷാരടി കോമഡി നമ്പറുകളുമായി ചര്‍ച്ചയാകാറുണ്ട്. ചിത്രങ്ങള്‍ക്ക് അദ്ദേഹമിടുന്ന ക്യാപ്ഷനുകളാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ ആരാധകരെ കുടുകുടെ ചിരിപ്പിക്കുന്ന ക്യാപ്ഷനുമായാണ് പിഷാരടി എത്തിയിരിക്കുന്നത്. മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പിഷാരടി കുറിച്ചത്, 'ഗ്യാങ്ങുമായി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍.. മോനുമായി വരുന്നവന്‍ മോന്‍സ്റ്റര്‍' എന്നാണ്. ഒരുപാട് പേരാണ് ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ടോവിനോ തോമസ്, സംയുക്ത മേനോന്‍, രാജ് കലേഷ് തുടങ്ങിയവരെല്ലാം പിഷാരടിയുടെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. 'മിനിയുമായി വന്നാല്‍ മിനിസ്റ്റര്‍ ആക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.... പോട്ടെ റെജിയുമായ് വന്നാല്‍ ഒരു രജിസ്റ്റര്‍ എങ്കിലും ആക്കാന്‍ പറ്റുവോ..' എന്നെല്ലാമാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്.