മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സുന്ദരിയായ വില്ലത്തിയാരാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തമേയുള്ളു. അത് സോനു അജയ്കുമാര്‍ എന്നാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന വില്ലത്തിയായെത്തിയാണ് സോനു മലയാളികളുടെ മനം കവര്‍ന്നത്. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കഥാപാത്രമാണ് താരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

'ഏറ്റവും വലിയ സന്തോഷം എന്താണെന്നുവച്ചാല്‍, സ്‌റ്റേജിലായിരിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നതാണ്' എന്നാണ് സോനു കഴിഞ്ഞദിവസം കുറിച്ചത്. കുച്ചിപ്പുടി കളിക്കുന്ന സോനുവിന്റെ വിവിധ മുഖഭാവങ്ങളും, പ്ലേറ്റിലുറപ്പിച്ച തന്റെ പാദങ്ങളുമാണ്, ഡാന്‍സ് ലൈഫ്, നൃത്തമെന്ന പാഷന്‍ തുടങ്ങിയ ഹാഷ് ടാഗോടെ സോനു പങ്കുവച്ചത്. ക്യൂട്ട് വില്ലത്തിയുടെ ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാനെത്തിയ സോനു പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറിയതും ഏഷ്യാനെറ്റിലൂടെ തന്നെയാണ്. താന്‍ വളരെ ആസ്വദിച്ചാണ് നെഗറ്റീവ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്.