ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ വല്ല സിനിമയിലേക്കുമുള്ള ചുവട് വെപ്പാണോ എന്നായിരുന്നു പലരുടേയും സംശയം. എന്നാൽ എന്താണ് ശരിക്കുള്ള സംഭവമെന്ന് പറയുകയാണ് ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീനില്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായതും കുസൃതി നിറഞ്ഞതുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകരുടെ 'ചിന്നു ചേച്ചി'യായി മാറിയ താരം സ്റ്റാര്‍ മാജിക്കില്‍ ഇപ്പോഴും നിറസാന്നിധ്യമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് സോഷ്യല്‍മീഡിയയിലെ ഫാന്‍ പേജുകളും മറ്റും കണ്ടാല്‍ അറിയാം. മനോഹരമായ ചിരിയും വ്യത്യസ്തമായൊരു ഭാഷാശൈലിയുംകൊണ്ട് മലയാളികളുടെ പ്രിയംനേടിയ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാളാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു കഴിഞ്ഞതെന്ന് പറഞ്ഞുകൊണ്ട് താരം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ ആരാധകര്‍ കൗതുകത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചിരിക്കുന്നത്.

'ദേവി'യായി അണിഞ്ഞൊരുങ്ങിയ ലക്ഷ്മിയുടെ ചിത്രങ്ങളും മറ്റും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്ത് ചെയ്‍താലും അത് വ്യത്യസ്‍തമായി ചെയ്യാറുള്ള ലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ ഫോട്ടോഷൂട്ടോ യൂട്യൂബ് വീഡിയോയോ മറ്റോ ആകുമെന്നാണ് അന്ന് ആരാധകര്‍ കരുതിയത്. എന്നാല്‍ എന്താണ് സംഭവമെന്ന് തന്‍റെ സോഷ്യല്‍മീഡിയ പേജിലൂടെ പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞദിവസം ചേര്‍ത്തലയിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ നാരീപൂജയ്ക്കു പോയ സന്തോഷമാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

ചുവന്ന കരയോടുകൂടിയ പച്ച പട്ടുസാരിയും ചുവന്ന പഫ്ഡ് ബ്ലൗസും അണിഞ്ഞാണ് നാരീ പൂജയ്ക്കായി ലക്ഷ്മി ഒരുങ്ങിയത്. കൂടാതെ ചുവന്ന റോസ പൂക്കള്‍കൊണ്ടുണ്ടാക്കിയ മാലയും മറ്റ് ആഭരണങ്ങളും കൂടെയായപ്പോള്‍ ലക്ഷ്മി ശരിക്കും 'ലക്ഷ്മി' ആയെന്നാണ് ആരാധകര്‍ പറയുന്നത്. ഭഗവതായിയായി പൂജിതയാകുമ്പോള്‍ പലരും തന്നെ നോക്കി കൈകൂപ്പി നിന്നതും, പ്രാര്‍ത്ഥിക്കുന്നതുമെല്ലാം പുതിയൊരു അനുഭവമായിരുന്നെന്നും കുറിപ്പില്‍ ലക്ഷ്മി പറയുന്നുണ്ട്. രസകരമായ കമന്‍റുകള്‍ കൊണ്ട് ആരാധകര്‍ ചിത്രം വൈറലാക്കിക്കഴിഞ്ഞു.

ലക്ഷ്മിയുടെ കുറിപ്പിങ്ങനെ

ജീവിതത്തില്‍ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതരായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്‍റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു. എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും എല്ലാരുടെയും സ്‌നേഹത്തിനും മനസ്സു നിറയെ നന്ദി മാത്രം.