ഏറ്റവും പുതിയ എപ്പിസോഡില്‍ സാന്ത്വനം വീടിനെ അടിയോടെ തകര്‍ക്കാനുള്ള ആയുധമാണ് തമ്പി പ്രയോഗിച്ചിരിക്കുന്നത്. 

കുടുംബ ബന്ധങ്ങളുടെ ആഴം സ്‌ക്രീനിലേക്ക് പകര്‍ത്തി മലയാളിയുടെ പ്രിയം നേടിയ പരമ്പരയാണ് സാന്ത്വനം (Santhwanam). സാന്ത്വനം വീട്ടിലെ സഹോദരന്മാരുടേയും അവരുടെ കുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര അത്യന്തം ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് പരമ്പര ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറിയെങ്കിലും, മനോഹരമായ ശിവാഞ്ജലിയുടെ (Sivanjali) പ്രണയത്തിലേക്കും, മറ്റ് അടിപൊളി മുഹൂര്‍ത്തത്തിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. പക്ഷെ അതിനിടയിലൂടെ സാന്ത്വനത്തെ തകര്‍ക്കാനായി ഹരിയുടെ അമ്മായിയച്ഛനായ തമ്പി പുതിയ കളികളും കളിക്കുന്നുണ്ട്.

തമ്പിയുടെ കുബുദ്ധി കാരണം ശിവന്‍ ചില വലിയ കുഴപ്പങ്ങളില്‍ പെടുന്നുണ്ടെങ്കിലും, താന്‍ നല്ലവനായി മാറി എന്ന് തെളിയിക്കാനായി തമ്പി തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുമുണ്ട്. എന്നാല്‍ ഏറ്റവും പുതിയ എപ്പിസോഡില്‍ സാന്ത്വനം വീടിനെ അടിയോടെ തകര്‍ക്കാനുള്ള ആയുധമാണ് തമ്പി പ്രയോഗിച്ചിരിക്കുന്നത്. ആയുധം മറ്റൊന്നുമല്ല തമ്പിയുടെ സഹോദരിയായ രാജേശ്വരിയാണ് സാന്ത്വനത്തിലേക്ക് എത്തുന്നത്. തമ്പിയേക്കാള്‍ പ്രശ്‌നക്കാരിയാണ് സഹോദരി എന്ന തരത്തിലാണ് രാജേശ്വരിയെ അവതരിപ്പിക്കുന്നത്. ഗര്‍ഭിണിയായ അപര്‍ണയെ കുറച്ചുദിവസം നോക്കാന്‍ എന്ന രീതിയിലാണ് രാജേശ്വരി എത്തുന്നത്. പക്ഷെ സാന്ത്വനത്തില്‍ രാജേശ്വരി വലിയ പ്രശ്‌നമാകും എന്നത് ഉറപ്പാണ്..

വലിയ പ്രശ്‌നങ്ങളെല്ലാം താല്‍ക്കാലികമായി കെട്ടടങ്ങിയതോടെ, സാന്ത്വനത്തില്‍ വീണ്ടും ശിവാഞ്ജലിയുടെ പ്രണയവും മറ്റും വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ മടങ്ങി വരുന്നു. പ്രൊമോയിലൂടെ വന്ന ഇരുവരും തമ്മിലുള്ള പുതിയ കോംപിനേഷന്‍ രംഗങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതുപോലെതന്നെ കൃഷ്ണ സ്‌റ്റോഴ്‌സില്‍ ഇരുവരും മാത്രമാകുന്ന രംഗങ്ങളും വരും എപ്പിസോഡുകളില്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്.