ഈ ഫാദേഴ്സ് ഡേയ്ക്ക് സന്തോഷിക്കാതിരിക്കാൻ ദീപൻ മുരളിക്ക്  കഴിയില്ല. കഴിഞ്ഞ വർഷം ഒരു പെൺകുഞ്ഞിന്റെ അച്ഛനായി അനുഗ്രഹിക്കപ്പെട്ട താരം തന്റെ ആദ്യത്തെ ഫാദേഴ്സ് ആഘോഷിക്കുകയാണ്.  ഒരച്ഛനാവുക എന്നത് മഹത്തരമാണെന്നും, അത്  തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും തുറന്നുപറയുകയാണ് ദീപൻ. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ സംഭാഷണത്തിലാണ് ദീപൻ മനസ് തുറന്നത്.

മേധസ്വിയുടെ വരവിന് ശേഷം എന്റെ ജീവിതം പൂർണ്ണമായും മാറി. ഏകദേശം രണ്ട് വർഷമായി എന്റെ അമ്മയുടെ നഷ്ടത്തിൽ ഞാൻ ദുഖിതനായിരുന്നു, എന്നാൽ ഈ വർഷം, എന്റെ മകൾ എന്റെ അരികിലുള്ളപ്പോൾ,  അമ്മ തിരിച്ചെത്തിയതു പോലെ എനിക്ക് തോന്നുന്നു. ഇത് ഒരു ആൺകുട്ടിയാകുമെന്ന് എല്ലാവരും പറഞ്ഞെങ്കിലും, പെൺകുഞ്ഞാകുമെന്ന് എൻറെ മനസ് പറഞ്ഞിരുന്നു. സരസ്വതി എന്നർത്ഥം വരുന്ന നാമമാണ് മകളുടെ പേരായ മേധസ്വി. അമ്മയുടെ പേരും അതായിരുന്നുവെന്നും ദീപൻ പറഞ്ഞു.

പ്രസവ സമയത്തെ സ്ത്രീകളുടെ സഹനത്തെ കുറിച്ചും ദീപൻ വാചാലനായി. 'പ്രസവ സമയത്ത് ഭാര്യക്കൊപ്പമുണ്ടാകണമെന്ന് ഞാൻ സുഹൃത്തുക്കളോട് പറയാറുണ്ട്. അത് ഒരു ഭർത്താവെന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം മാത്രമല്ല, ഒരു സ്ത്രീയുടെ യഥാർത്ഥ ശക്തിക്ക് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത് അങ്ങനെയാണ്. നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാൻ ഭാര്യ അനുഭവിക്കുന്ന വേദനയ്ക്ക് നിങ്ങൾ എപ്പോഴെങ്കിലും സാക്ഷിയായാൽ, എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് ഒരിക്കലും അവളെ വേദനിപ്പിക്കാൻ തോന്നുകയില്ല. ആ നിമിഷം, നിങ്ങൾ മുഴുവൻ സ്ത്രീകളെയും അഭിവാദ്യം ചെയ്യും'- ദീപൻ പറഞ്ഞു.അമ്മമാരേ പോലെ തന്നെ ഫാദർഹുഡിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും ദീപൻ പറയുന്നു. ഈ ഫാദേഴ്സ് ദിനത്തിൽ എല്ലാ അച്ഛന്മാർക്കും മക്കൾ ഒരുമ്മ കൊടുക്കണമെന്ന്  ദീപൻ ആവശ്യപ്പെട്ടു.