മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിന്‍. നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിത പങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ജിഷിന്റേയും വരദയുടേയും മകനായ ജിഷാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

കഴിഞ്ഞദിവസം കുടുംബ ഫോട്ടോ പങ്കുവച്ചതിനൊപ്പം ജിഷിന്‍ പങ്കുവച്ച രണ്ടുവരി ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലായിപ്പോഴും ചിത്രങ്ങള്‍ക്ക് നീണ്ട ക്യാപ്ഷനിടുന്ന ജിഷിനിതെന്തുപറ്റി, രണ്ട് വരിയില്‍ ഒതുക്കിയല്ലോ എന്ന് കരുതിയാണ് ആരാധകരെല്ലാം ക്യാപ്ഷന്‍ വായിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. കിടപ്പാടം വീടിനു പുറത്താകുമെന്ന ഉള്‍വിളിയാണ് പുതിയ ചിത്രത്തിന് ക്യാപ്ഷന്‍ രണ്ട് വരിയില്‍ ഒതുക്കാന്‍ കാരണമെന്നാണ് ജിഷിന്‍ പറഞ്ഞുവരുന്നത്.

''ക്യാപ്ഷനിടാന്‍ തുടങ്ങുമ്പോള്‍ ഒരു ഉള്‍വിളി. ഇതിട്ട് കഴിഞ്ഞ് നീ വീട്ടിലേക്ക് തന്നെയല്ലേടാ പോകേണ്ടത് എന്ന്. അതുകൊണ്ട് ഇന്ന് ക്യാപ്ഷന് ലീവ്'' എന്നാണ് ജിഷിന്‍ കുറിച്ചത്.

'ഇത് ഉള്‍വിളി കൊണ്ട് ഒന്നും അല്ല ക്യാപ്ഷന്‍ ഇടാത്തത്. ഉള്‍ഭയം കൊണ്ടാണ്. വീട്ടിലെത്തിയാല്‍ അമ്മയും മോനുംകൂടി പഞ്ഞിക്കിട്ടാലോ എന്നുള്ള ഭയമാണ്. എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. വരദേച്ചിയെ അന്ത ഭയം ഇരിക്കട്ടും എന്നും മിക്കവരും കമന്റ് ചെയ്യുന്നുണ്ട്.