ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ.  ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.  കൊവിഡ് പ്രോട്ടോക്കോൾ  പാലിച്ച് നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

'ആകാശഗംഗ' രണ്ടിൽ ചുടലയക്ഷിയായി എത്തിയ സുന്ദരിയെ പ്രേക്ഷകർ മറന്നുകാണില്ല. ഫാഷന്‍ ഡിസൈനറും മോഡലും കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയ ശേഷമായിരുന്നു അഭിനയരംഗത്തേക്കുള്ള ശരണ്യയുടെ വരവ്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയ ലോകത്തേക്ക് എത്തിയതെങ്കിലും, 1971, അച്ചായന്‍സ്, ചങ്ക്‌സ് ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

'കുടുംബവിളക്ക്' സീരിയലിലെ കഥാപാത്രത്തിൽ നിന്ന് ശ്വേത വെങ്കട് പിന്മാറിയതോടെയായിരുന്നു ശരണ്യ 'വേദിക' എന്ന കഥാപാത്രമായെത്തിയത്. പിന്നീടങ്ങോട്ട് ശരണ്യ പ്രേക്ഷകരുടെ മനം കവർന്നു. നഴ്സ് കൂടിയായ ശരണ്യ ആമേന്‍ അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്‍റ്  കൊറിയോഗ്രഫറുമായിരുന്നു. അടുത്തിടെ തന്‍റെ പ്രീ വെഡ്ഡിങ് ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.