ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പര ചന്ദനമഴയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിൻസെന്‍റ്. ചന്ദനമഴയിലെ അമൃതയായി മലയാളി വീട്ടമ്മമാരുടെ മനസിൽ സ്ഥാനം കണ്ടെത്താൻ മേഘ്നയ്ക്ക് സാധിച്ചു. അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്. ഇടക്കാലത്ത് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് മലയാളം പരമ്പരകളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.  എന്നാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നതെന്ന് ആരാധകര്‍ ഇടയ്ക്കിടെ അന്വേഷിക്കാറുമുണ്ട്.

തന്‍റെ വലിയൊരു മോഹമായിരുന്ന യൂട്യൂബ് ചാനൽ യാഥാര്‍ത്ഥ്യമാക്കിയതിന്‍റെ സന്തോഷത്തിലാണ് മേഘ്നയിപ്പോൾ.  വ്ളോഗിലൂടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളാണ് അവര്‍ പങ്കുവെക്കാറുള്ളത്.  കുടുംബത്തിലെ ആളുകളെ പരിചയപ്പെടുത്താനും മേഘ്ന സമയം കണ്ടെത്താറുണ്ട്. അടുത്തിടെ പരിചയപ്പെടുത്തിയ മാതൃസഹോദരി റേച്ചമ്മയടക്കം മേഘ്നയുടെ കുടുംബം ആരാധകർക്ക് ഇപ്പോള്‍ സുപരിചിതമാണ്.

ഇപ്പോഴിതാ കുടുംബത്തിലേക്ക് കടന്നുവന്ന പുതിയൊരു അതിഥിയെ പരിചയപ്പെടുത്തുകയാണ് താരം. 'ഒരുപാട് നാളായുള്ള ആഗ്രഹം ആയിരുന്നു ഇതുപോലൊരു കുട്ടി വാവേനെ വേണമെന്ന്. ആ ആഗ്രഹം സാധിച്ചു'- എന്നുപറഞ്ഞായിരുന്നു പുതിയ അംഗത്തെ താരം പരിചയപ്പെടുത്തിയത്. 'ഹാപ്പി'യെന്ന് പേരിട്ട പെറ്റ് ഡോഗിനെയാണ് മേഘ്ന പരിചയപ്പെടുത്തിയത്. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾ അങ്ങ് തീരുമാനിക്കുകയായിരുന്നു. അവൾ വന്നതിൽ പിന്നെ വീടിന്‍റെ അന്തരീക്ഷം അപ്പാടെ മാറിയെന്നും മേഘ്ന പറയുന്നു. ഞങ്ങൾ എഴുന്നേൽക്കുന്ന സമയം മാറി. ഉറങ്ങുന്ന സമയം മാറി.  പക്ഷെ  ഇവൾ കൂടെയുള്ളപ്പോ ഞങ്ങളെ എപ്പോഴും ഹാപ്പി ആയി തന്നെ വച്ചേക്കും. അതുകൊണ്ടാണ് അവൾക്ക് ഞാൻ ഹാപ്പി എന്ന പേര് വച്ചതെന്നുമായിരുന്നും മേഘ്നയുടെ വാക്കുകൾ.