നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ പ്രീത പ്രദീപ് പിന്നീട് മിനി സ്‌ക്രീനിലും ശ്രദ്ധ നേടി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ പ്രീത ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടിനെയാണ് പ്രീത പ്രദീപ് പങ്കാളിയാക്കിയത്. കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും, ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാന്‍ കഴിയുക എന്നുമുള്ള സങ്കടം അടുത്തിടെ പ്രീത പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, അതിന്റെ ബാക്കിയെന്നോണം ഒരു ചിത്രവും ക്യാപ്ഷനും പങ്കുവച്ചിരിക്കുകയാണ് പ്രീത. 'നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി' എന്ന ക്യാപ്ഷനോടെയാണ് താരം സദ്യ കഴിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നും സദ്യ തന്റെ വികാരമാണെന്നും, കൊറോണകാരണം വിവാഹത്തിനും മറ്റും വിളിക്കപ്പെടാത്ത സദ്യപ്രേമിയുടെ ആത്മനൊമ്പരമാണെന്നും പറഞ്ഞായിരുന്നു, കുറച്ചുദിവസം മുന്നേ പ്രീത കുറിപ്പ് പങ്കുവച്ചിരുന്നത്. അന്ന് താരം പങ്കുവച്ച പഴയകാല ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

അന്ന് പ്രീത പങ്കുവച്ചത് കുട്ടിക്കാലത്ത് സദ്യ കഴിക്കുമ്പോള്‍ പപ്പടം പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതുപോലെതന്നെ പുതിയ പോസ്റ്റിലും പപ്പടം പിടിച്ചിരിക്കുന്ന തന്റെ ചിത്രം ഇടാനും പ്രീത മറന്നിട്ടില്ല. കൊതിപ്പിക്കല്ലേയെന്നാണ് പലരും ചിത്രത്തിന് കമന്റിടുന്നത്. കൂടാതെ ബോളിയില്‍ പായസം ഒഴിക്കുന്ന വീഡിയോയും പ്രീത പങ്കുവച്ചിട്ടുണ്ട്. എനിക്കിനി എപ്പോള്‍ സെലക്ഷന്‍ കിട്ടുമോ ആവോ എന്നാണ് പ്രശസ്ത സീരിയല്‍ താരമായ മീരാ കൃഷ്ണന്‍ കമന്റ് ചെയ്തിരിക്കുന്നത്.