ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത സൂപ്പര്‍ഹിറ്റ് പരമ്പരയായ വാനമ്പാടിയോടും അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്‍ടമാണ്. പരമ്പരയോടുള്ള ഇഷ്‍ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ട്. അത് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലേടത്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്‍ടം പലപ്പോഴും പ്രകടമായിരുന്നു. ഇപ്പോളിതാ താന്‍ അഭിനയിക്കുന്ന പുതിയ പരമ്പരയിലെ ലൊക്കേഷനില്‍നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഉമ.

ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഉമ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മനോജ് കുമാര്‍ വളരെ നാളുകള്‍ക്കുശേഷം വില്ലന്‍വേഷത്തിലെത്തുന്ന പരമ്പരയാണ് ഇന്ദുലേഖ. കൂടാതെ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന ആദ്യത്തെ പരമ്പരയുമാണ്. വാനമ്പാടിയിലെ നിര്‍മ്മലേടത്തിയും ചന്ദ്രേട്ടനും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന വിശേഷമെല്ലാം ആദ്യംതന്നെ ഉമാനായര്‍ പങ്കുവച്ചിരുന്നു. ഇന്ദുലേഖ പരമ്പരയില്‍ അനിയന്മാരായെത്തുന്നവരുടെ കൂടെയുള്ള ചിത്രവും, പരമ്പരയുടെ സംവിധായകനായ ജിതേഷിനൊപ്പവുമുള്ള ചിത്രവുമാണ് ഉമ പങ്കുവച്ചിരിക്കുന്നത്.

'കളപ്പുരക്കല്‍ ചേച്ചിയമ്മയും അനുജന്‍മാരും. ഇന്ദുലേഖ യാത്ര തുടങ്ങി ഈ ചെറിയസമയത്തില്‍ തന്നെ ഒരുപാട് സ്‌നേഹം നല്‍കിയ ഏവര്‍ക്കും നന്ദി.' 'ചേച്ചിയമ്മ ആക്കിയ സംവിധായകനും കണ്ട നാള്‍ മുതല്‍ ഇന്നുവരെ ഒരു അനുജനെ പോലെ സ്‌നേഹത്തോടെ പെരുമാറുന്ന ജിതേഷ്. ചേച്ചിയമ്മയുടെ അഭംഗി മാറ്റാന്‍ കഷ്‍ടപെടുന്ന രാജീവ് ബ്രോയും ഇങ്ങനെ നല്ല നിമിഷങ്ങള്‍ മാത്രം ആണ് ജീവിതത്തില്‍ ആകെ ഉള്ളത് എന്ന് ചിലപ്പോള്‍ തോന്നാറുണ്ട് ഇന്ദുലേഖ ഒരു വെറും കഥ അല്ല ഓരോ പെണ്ണും അറിയേണ്ടതാണ്.' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഉമ നായര്‍ കുറിച്ചിരിക്കുന്നത്.