ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര, 'നീലക്കുയില്‍' അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നുംതന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്‍റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു വിശേഷം കൂടി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ലത. അടുത്ത ജൂണ്‍ മാസത്തോടെ കുഞ്ഞൊരു അതിഥിയെ കാത്തിരിക്കുകയാണെന്നാണ് ലത വെളിപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് സൂര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ലത ഇക്കാര്യം കുറിച്ചത്. മലയാളത്തിലെയും തെലുങ്കിലെയും നിരവധി ആരാധകരാണ് ലത സംഗരാജുവിന് ആശംസകളും പ്രാര്‍ത്ഥനയുമായി ചിത്രത്തിന് കമന്‍റ് ചെയ്യുന്നത്. നീലക്കുയിലില്‍ കണ്ട റാണിയില്‍നിന്നും ലത ഒരുപാട് മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.