ആകാംക്ഷയേറ്റുന്ന മുഹൂര്‍ത്തങ്ങളിലൂടെ പരമ്പര

സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബത്തിലെ കൊച്ചുകൊച്ചു നിമിഷങ്ങളും പറഞ്ഞുപോകുന്ന പരമ്പരയാണ് സാന്ത്വനം. എന്നാല്‍ ഇത്രനാള്‍ മനോഹരമായ കുടുംബകഥ പറഞ്ഞുപോയിരുന്ന പരമ്പര ആകാംക്ഷയേറ്റുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 'സാന്ത്വനം' വീട്ടിലെ സന്തോഷപൂര്‍ണ്ണമായ ദിവസങ്ങള്‍ അവസാനിക്കുകയാണോ എന്ന സംശയമാണ് പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാക്കി വയ്ക്കുന്നത്. വിവാഹവാര്‍ഷികദിനത്തില്‍ ക്ഷേത്രത്തിലേക്കു പോയ ബാലനെയും ശ്രീദേവിയെയും അപായപ്പെടുത്താന്‍ ആരോ ശ്രമിച്ചിരുന്നുവെന്ന സംശയമാണ് പരമ്പരയ്ക്കുള്ളിലും പുറത്തും ഒരുപോലെ ചര്‍ച്ചയാകുകയാണ്.

ക്ഷേത്രത്തില്‍ പോയ വഴിക്ക് സംഭവിച്ചതൊന്നും ബാലനും ശ്രീദേവിയും പുറത്ത് പറയുന്നില്ലെങ്കിലും സംഭവം അതിന്‍റെ തീവ്രതയോടെതന്നെ വീട്ടിലുള്ളവര്‍ അറിയുന്നുണ്ട്. മുന്‍ശുണ്ഠിക്കാരനായ ശിവനോട് താനറിഞ്ഞ സത്യങ്ങള്‍ പറയാന്‍ പേടിയായിരുന്ന അഞ്ജലി, ശിവന്‍റെ സഹോദരനായ ഹരിയോടാണ് കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ ഹരി സത്യങ്ങളെല്ലാം ശിവനുമായി പങ്കുവയ്ക്കുകയും ശിവനും ഹരിയും അന്വേഷണം ആരംഭിക്കുകയുമാണ്. ആരായിരിക്കും വീട്ടുകാരോട് ഈ അതിക്രമം കാണിച്ചതെന്നുള്ള നിര്‍ണ്ണായക തെളിവുകള്‍ ശിവനും ഹരിക്കും കിട്ടുന്നുവെന്നാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ പറയുന്നത്.

ബാലനെ അക്രമിച്ചതൊരു പോലീസുകാരനാണോ എന്നതാണ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. അക്രമിച്ച ജീപ്പുകാരനെ ശിവനും ഹരിയും തടയുന്നതും, അയാളോട് കയര്‍ക്കുന്നതും കാണാമെങ്കിലും, അക്രമിയുടെ ശബ്ദം മാത്രമേ പ്രൊമോയില്‍ പ്രേക്ഷകര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുള്ളു. ശബ്ദം കേട്ടിട്ട് അതൊരു പോലീസുകാരനാകാനാണ് സാധ്യതയെന്നും, പണ്ട് നിലനിന്നിരുന്ന കുടുംബവീടിന്‍റെ പ്രശ്‌നത്തിന്‍റെ ബാക്കിയാകാം ഈ പ്രശ്‌നവുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഹരിയുടെയും ശിവന്‍റെയും അന്വേഷണം അപകടത്തിലേക്കാവരുതേയെന്നാണ് പ്രേക്ഷകരുടെ പ്രാര്‍ത്ഥന. ഇത്രനാള്‍ സന്തോഷത്തോടെ മുന്നോട്ടുനീങ്ങിയ സാന്ത്വനം വീട്ടില്‍ ഇനി വരാനിരിക്കുന്നത് പ്രശ്‌നത്തിന്‍റെ നാളുകളാണോ, പ്രശ്‌നങ്ങളെല്ലാം എപ്പോള്‍ കലങ്ങിത്തെളിയും എന്നെല്ലാമറിയുന്നതിന് പരമ്പരയുടെ മുന്നോട്ടുള്ള എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

പരമ്പരയുടെ പുതിയ പ്രൊമോ കാണാം

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona