ശ്രേയയും അവിനാഷും കാണിക്കുന്ന പ്രണയം സത്യസന്ധമാണെന്ന ധാരണയില്‍ ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്.

ണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു.

ശ്രേയയുടെ വിവാഹമാണ് പരമ്പരയിലെ നിലവിലെ ചര്‍ച്ച. നേരായ വഴിയിലൂടെയല്ലാതെ ജീവിതം നയിക്കുന്ന അവിനാഷ് ശ്രേയയെ പ്രണയിച്ചിരുന്ന ആളാണ്. എന്നാല്‍ ശ്രേയയെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് അവിനാഷ് നടക്കുന്നത്, പണത്തിന് വേണ്ടി മാത്രമാണ്. പണത്തിനുമീതെ മറ്റൊന്നുമില്ല എന്ന ചിന്താഗതിക്കാരനായ അവിനാഷിനെ, പ്രണയം നടിച്ച് പല കേസിനുമുള്ള സുപ്രധാന തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ശ്രേയയും ചെയ്യുന്നത്. പരസ്പരം പ്രണയം നടിച്ച് തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്ന ഇരുവര്‍ക്കും വലിയ കുരുക്കാണ് നിലവില്‍ വന്നിരിക്കുന്നത്.

ഇരുവരും കാണിക്കുന്ന പ്രണയം സത്യസന്ധമാണെന്ന ധാരണയില്‍ ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. പണം കിട്ടുമെന്ന അത്യാഗ്രഹത്തില്‍ അവിനാഷ് വിവാഹത്തിന് സമ്മതമെന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ വിവാഹകാര്യമറിഞ്ഞ ശ്രേയ ആകെ തളരുകയാണ്. ഏത് വിധേയനവും വിവാഹം നടക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ശ്രേയയും പരമ്പരയുടെ പ്രേക്ഷകരും. തമാശയ്ക്ക് തുടങ്ങിയ കളി ശ്രേയയുടെ ജീവിതം തകര്‍ക്കുമോയെന്നാണ് ഇപ്പോഴത്തെ ആകാംക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona