ആരാധക ലക്ഷങ്ങളുടെ ശിവാഞ്ജലി വീണ്ടും പ്രണയത്തിന്‍റെ കെട്ട് മുറുക്കുകയാണ്. 

ലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് സാന്ത്വനം(Santhwanam). റേറ്റിംഗില്‍ ഒന്നാംസ്ഥാനം പിടിച്ചുകഴിഞ്ഞ പരമ്പര പറയുന്നത് കൂട്ടുകുടുംബത്തിന്റെ മനോഹരമായ ബന്ധങ്ങളാണ്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. പരമ്പരയിലെ ജോഡികള്‍ എല്ലാംതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വീട്ടിലെ മൂത്ത മകനായ ബാലനും ഭാര്യ ദേവിയും വീട്ടിലെ അച്ഛന്‍ അമ്മ എന്ന സ്ഥാനത്താണുള്ളത്. ഹരികൃഷ്ണന്‍ അപര്‍ണ, ശിവന്‍ അഞ്ജലി എന്നിവരെല്ലാംതന്നെ മികച്ച അഭിനയത്തോടെ മുന്നിട്ട് നില്‍ക്കുന്നവരാണ്. എന്നാല്‍ ശിവാഞ്ജലിയാണ് മലയാളികളുടെ ഏറെ പ്രിയപ്പെട്ട ജോഡികള്‍ എന്നത് സോഷ്യല്‍മീഡിയയിലും മറ്റുമായി കാണാം.

ആദ്യമെല്ലാം പരുക്കന്‍ സ്വഭാവത്തോടെ പെരുമാറിയിരുന്ന ശിവനെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയത്, അഞ്ജലിയുടെ വരവോടെയാണ്. ഇഷ്ടമില്ലാതെ വിവാഹത്തിലേര്‍പ്പെട്ട രണ്ട് ആളുകളുടെ നീരസങ്ങള്‍ എങ്ങനെയാണ് മനോഹരമായ പ്രണയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് പരമ്പരയുടെ ആരാധകര്‍ക്ക് ഇപ്പോഴും അത്ഭുതം തന്നെയാണ്.

നീരസം പ്രണയത്തിന് വഴി മാറിയ ദിവസങ്ങളായിരുന്നു തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെന്നാണ് പ്രേക്ഷകര്‍ പറയുന്നതും. ഇപ്പോഴും കുസൃതിയും, കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടുപോകുന്ന ശിവാഞ്ജലി ആരാധകരുടെ പ്രിയ ജോഡികളാണ്. അഞ്ജലിയെ ശിവന്‍ വിവാഹം കഴിക്കുന്നതില്‍ അഞ്ജലിയുടെ വീട്ടുകാര്‍ക്കും വലിയ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ വീട്ടിലേക്ക് പലപ്പോഴായി വന്ന ശിവനെ അഞ്ജലിയുടെ അമ്മയും ചിറ്റയും വളരെ മോശമായിട്ടായിരുന്നു എതിരേറ്റതും.

എന്നാല്‍ ചില കാര്യങ്ങള്‍ ശിവനിലെ നന്മ അഞ്ജലിയുടെ വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതായിരുന്നു. അതുകൊണ്ടുതന്നെ അഞ്ജലിയേയും ശിവനേയും തമ്മില്‍ തല്ലിക്കാനായി നടക്കുന്ന ജയന്തി എന്ന ചിറ്റമ്മയ്ക്ക് ഒഴികെ അഞ്ജലിയുടെ വീട്ടിലെ മറ്റെല്ലാവര്‍ക്കും ശിവന്‍ ഇപ്പോള്‍ കണ്ണിലുണ്ണിയാണ്. അഞ്ജലിയുടെ അമ്മയ്ക്ക് സുഖമില്ലാതാകുമ്പോള്‍ ടാക്‌സി വിളിച്ച് അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന ശിവനാണ് ഏറ്റവും പുതിയ എപ്പിസോഡിലുള്ളത്. ഒരു സമയത്ത് ശിവനെ ഏറ്റവും അധികം അധിക്ഷേപിച്ച അമ്മയ്ക്ക്, ശിവന്റെ കാരുണ്യത്തിലും സ്‌നേഹത്തിലും ഹോസ്പിറ്റലിലേക്ക് പോകാന്‍ പറ്റിയത് വിധിയുടെ വിളയാട്ടമാണെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ ആട്ടിയിറക്കിയവരെ ചേര്‍ത്തുനിര്‍ത്താന്‍ ശിവന്‍ കാണിക്കുന്ന മനസ്സിനെ ആരാധകര്‍ വാഴ്ത്തുന്നുമുണ്ട്.