മലയാള ടെലിവിഷനുകളിലെ ജനപ്രിയ പരമ്പര ഏതെന്ന ചോദ്യത്തിന് കുറച്ചുകാലമായുള്ള ഉത്തരം , ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്ന വാനമ്പാടി എന്നായിരുന്നു. കുട്ടിത്താരങ്ങളും, കഥയുടെ ആഖ്യാനരീതിയും ചമയവുമെല്ലാം പുതുമ പുലര്‍ത്തിയതാണ് വാനമ്പാടിയെന്ന പരമ്പരയെ വ്യത്യസ്തമാക്കിയിരുന്നത്. മോഹന്‍ എന്ന പാട്ടുകാരന്റെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ടുപോയിരുന്നത്. മോഹന് ആദ്യഭാര്യയിലുണ്ടായ അനുമോളെ തിരഞ്ഞുകണ്ടുപിടിക്കുന്നതായിരുന്നു പരമ്പരയിലെ ആകാംക്ഷനിറഞ്ഞ രംഗങ്ങള്‍.

സ്വന്തം മകള്‍ തന്റെ അടുത്തുണ്ടായിട്ടും, അത് മകളാളെന്നറിയാതെ സ്‌നേഹിക്കാനായിരുന്നു മോഹന്റെ വിധി. മോഹന്റെ നിലവിലെ ഭാര്യയുടെ അമ്മയും അച്ഛനും മോഹന്റെ വീട്ടില്‍ താമസിനെത്തിയതും, തന്റെ മകളെ വീട്ടിലെ വലിയ ആളാക്കാനുള്ള തന്ത്രപ്പാടും പരമ്പരയെ നിറമുള്ളതാക്കിമാറ്റി. ലക്ഷ്യംപോലും മറന്നുള്ള വില്ലത്തരമായിരുന്നു, പരമ്പരയിലെ വില്ലന്മാര്‍ ചെയ്തുകൂട്ടിയത്.

വില്ലത്തിയായ പത്മിനി കുറ്റബോധത്തിന്റെ വെളിച്ചത്തില്‍, നായകന് ആത്മഹത്യാക്കുറിപ്പും അയച്ച് വീടുവിട്ടിറങ്ങുന്നിടത്താണ് പരമ്പര അവസാനിച്ചത്. അനു മോഹന്റെ മകളാണെന്നും, തംബുരു മോഹന്റെ യഥാര്‍ത്ഥ മകളല്ലെന്ന് മോഹനറിയാമെന്നും, അനുവില്‍നിന്നും മനസ്സിലാക്കിയ പത്മിനി, പരമ്പരയുടെ അവസാനഭാഗത്ത് നല്ലൊരു കഥാപാത്രമായി മാറുകയായിരുന്നു. മാനസാന്തരത്തോടെ പത്മിനി തിരികെയെത്തും എന്ന പ്രതീക്ഷയില്‍ അനുമോളെയും, തംബുരുവിനേയും കെട്ടിപ്പിടിച്ചിരിക്കുന്ന മോഹനാണ് ഫ്രേമില്‍ അവസാനമായെത്തുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട പരമ്പര തീര്‍ന്നതിന്റെ സങ്കടത്തിലാണ് പ്രേക്ഷകര്‍. അതുപോലെതന്നെ മൂന്ന് വര്‍ഷത്തെ അഭിനയ സെറ്റിനോട് വിടപറയുന്ന താരങ്ങളും വൈകാരികമായ കുറിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു.