ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന പരമ്പര അവസാനിച്ചിട്ടും അതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടവരാണ്. വാനമ്പാടിയിലെ അഭിനേതാക്കള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മോഹനും പത്മിനിയും തംബുരുവും അനുമോളുമെല്ലാം മലയാളികളുടെ മനസ്സിലുണ്ടുതാനും. കഴിഞ്ഞദിവസം ഏഷ്യാനെറ്റിലെ മൗനരാഗം പരമ്പരയില്‍ അപ്രതീക്ഷിത സര്‍പ്രൈസുമായി വാനമ്പാടിയിലെ മോഹനായി വേഷമിട്ട സായ്കിരണും അനുമോളായെത്തിയ ഗൗരിയും ഒന്നിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ മൗനരാഗം സെറ്റിലേക്ക് സായ്കിരണും ഗൗരിയുമെത്തുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് സായ്കിരണ്‍. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം എന്നുപറഞ്ഞാണ് സായ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മൗനരാഗത്തിലെ കഥാപാത്രമായ കല്ല്യാണിയുടെ പിറന്നാളിന് കിരണ്‍ എന്ന കാമുകന്‍ നല്‍കുന്ന സര്‍പ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തിയത്. അനുമോളെയും മോഹനേയും വരവേല്‍ക്കുന്ന കിരണിനേയും ചിത്രത്തില്‍കാണാം.

ഒരുകാലത്ത് ജനപ്രിയപരമ്പരയായിരുന്ന വാനമ്പാടിയുടെ ആരാധകരെല്ലാംതന്നെ സായ്കിരണിന്റെ പുതിയ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.