അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ,  നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ലോകത്തും രാജ്യത്തുമൊന്നാകെയുള്ള കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമം അമേയ പങ്കുവച്ചത് അടുത്തിടെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോളിതാ അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞദിവസം അനശ്വര രാജന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനായിരുന്നു സദാചാര സൈബര്‍ അക്രമണം നേരിടേണ്ടി വന്നത്. ഉദാഹരണം സുജാത എന്ന ചിതത്തിലൂടെ മലയാള സിനിമയിലെത്തിയ അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. വെസ്റ്റേണ്‍ സ്റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നുഅനശ്വരയ്ക്ക് അക്രമണം നേരിടേണ്ടി വന്നത്

.

അതിനു പിന്നാലെതന്നെ നടിമാരായ റിമ കല്ലിംങ്കല്‍, അഹാന, അനുപമ പരമേശ്വരന്‍, നിമിഷ സജയന്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവരെല്ലാംതന്നെ അനശ്വരയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. അത്ഭുതം സ്ത്രീകള്‍ക്ക് കാലുണ്ടത്രെ എന്നുപറഞ്ഞാണ് റിമ തന്റെ ബിക്കിനി ചിത്രം പങ്കുവച്ചത്.

'കാലുകള്‍ കണ്ടാല്‍ സദാചാരം ഒഴുകുന്ന ചേട്ടന്മാര്‍ക്കുവേണ്ടി, അവതരിപ്പിക്കുന്ന പുതിയ നാടകം, 'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്' ' എന്നാണ് തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അമേയ കുറിച്ചത്.