നീണ്ട നാളത്തെ ഇടവേളക്ക് ശേഷം  മലയാളത്തിന്‍റെ പ്രിയ താരം മമ്മൂട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി. താരത്തിന്‍റെ പൊതുമധ്യത്തിലുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറാലുകയാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും സുലൈമാനി കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് താരം പൊതുയിടത്ത് പ്രത്യക്ഷപ്പെടുന്നത്. 

സിനിമാ നിർമാതാവ് ആന്റോ ജോസഫ്, നടൻ രമേഷ് പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ്മാൻ ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മാർച്ചിൽ എറണാകുളത്തെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി താമസം മാറ്റിയപ്പോഴായിരുന്നു ലോക്ഡൗൺ വന്നത്. അന്നുമുതൽ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ലോക്ഡൗൺ പ്രോട്ടോക്കോൾ പിന്തുടരുകയായിരുന്നു മമ്മൂട്ടി. ഈ ദിവസങ്ങളി‍ക്കിടയിൽ വീട്ടിൽ വച്ച് നടത്തിയ നാലഞ്ച് പുസ്തക പ്രകാശന ചടങ്ങുകളിൽ മാത്രമാണ് മമ്മൂട്ടി പങ്കെടുത്തത്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസാണ് ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, മമ്മൂക്ക പുറത്തിറങ്ങിയത് ആരാധകർക്ക് ഉണർവേകുകയാണ്. ബിലാലുമായി ബന്ധപ്പെട്ടാണ് ആരാധകരുടെ ആഘോഷം.