ലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് മമ്മൂട്ടി. പലപ്പോഴും തന്റെ ആരാധകരുമായി അദ്ദേഹം സംവാദിക്കാറുമുണ്ട്. അത്തരത്തിൽ തന്നെ കാണണമെന്നും സംസാരിക്കണമെന്നുമുള്ള ആ​ഗ്രഹം പങ്കുവച്ച ആരാധകനെ ശബ്ദത്തിലൂടെ തേടി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സെറിബ്രൽ പാൾസി ബാധിച്ച മലപ്പുറം സ്വദേശി ശഹീദിന്റെ അടുത്തേക്കാണ് അദ്ദേഹം ശബ്ദ സന്ദേശത്തിലൂടെ എത്തിയത്.  

ഒട്ടേറെ നാളുകളായുള്ള ശഹീദിന്റെ ആ​ഗ്രഹമായിരുന്നു മമ്മൂട്ടിയോട് സംസാരിക്കണം എന്നത്. പേരൻപ് എന്ന സിനിമയാണ് അതിന് കാരണമായത്. മമ്മൂട്ടി ഫാൻസ് ഗ്രൂപ്പിലൊക്കെ ഈ മോഹവുമായി ശാഹീദ് എത്തിയെങ്കിലും ആ ആ​ഗ്രഹം നടന്നില്ല. പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിൽ മമ്മൂട്ടിക്ക് ഒരു കത്ത് എന്ന പോലെ ഒരു വീഡിയോ ശഹീദ് ചെയ്യുന്നത്. 

ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വർഷങ്ങളായുള്ള ശഹീദിന്റെ മോഹം സഫലമാകുകയായിരുന്നു. വിങ്ങലോടെ പ്രിയതാരത്തെ കാണണമെന്ന് പറയുന്ന ശഹീദിന്റെ വാക്കുകൾ വാട്സാപ്പിലൂടെ മമ്മൂട്ടിക്ക് അയച്ച് കൊടുക്കുത്തു. പ്രിയ ആരാധകന്റെ വാക്കുകൾ ഹൃദയം  കൊണ്ട് കേട്ട അദ്ദേഹം തിരിച്ച് വോയ്സ് മെസേജ് ഇടുകയായിരുന്നു.

‘വീഡിയോ കണ്ടു. സെറിബ്രൽ പാൾസിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ഇനിയും വിഡിയോ ചെയ്യണം. ഇൻഷാ അല്ലാഹ്.. ഒരിക്കൽ കാണാം.’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. 

പിന്നാലെ പ്രിയതാരത്തെ നേരില്‍ അല്ലെങ്കിലും ശബ്ദത്തിലൂടെ  കാണാന്‍ സാധിച്ച സന്തോഷം ശാഹീദ് പങ്കുവയ്ക്കുകയും ചെയ്തു. മമ്മൂക്ക ഇത്രയും സിമ്പിള്‍ ആയിട്ടുള്ള മനുഷ്യനാണെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ശാഹീദ് വീഡിയോയില്‍ പറയുന്നു.