മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 'മമ്മൂക്കാനോട് മുണ്ടൂലെന്നും മമ്മൂക്ക തന്നെ ഹാപ്പി ബര്‍ത്ത്ഡെയ്ക്ക് വിളിച്ചില്ലെ'ന്നും പറഞ്ഞ് കരഞ്ഞ കുട്ടി പെരിന്തല്‍മണ്ണ സ്വദേശി ഹമീദിന്‍റെ മകള്‍ പീലി ആയിരുന്നു. ഇന്നിതാ പീലിയുടെ പിറന്നാള്‍ ദിനത്തില്‍ അവളുടെ സങ്കടം തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി. നേരിട്ട് കണ്ടില്ലെങ്കിലും പിറന്നാള്‍ ആശംസകള്‍ നേരിട്ട് പറയാന്‍ മമ്മൂട്ടി പീലിമോളെ വീഡിയോകോളിലൂടെ വിളിച്ചു, കുശലം ചോദിച്ചു. ഒപ്പം പിറന്നാള്‍ സമ്മാനങ്ങളും മമ്മൂട്ടി സഹായികള്‍ വഴി കൊടുത്തയച്ചിരുന്നു.

കേക്കും പ്രത്യേകം പറഞ്ഞു തുന്നിച്ച ഉടുപ്പുമാണ് പിറന്നാള്‍ സമ്മാനമായി മമ്മൂട്ടി കൊടുത്തയച്ചത്. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനര്‍ ആബെന്‍ ജോണ്‍സണാണ് ഉടുപ്പ് തയ്യാറാക്കിയത്. ജോസ് പോള്‍, ബിജു പൗലോസ് എന്നിവരാണ് കൊച്ചിയില്‍ നിന്ന് മമ്മൂട്ടി കൊടുത്തയച്ച സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ എത്തിയത്. 'ഹാപ്പി ബര്‍ത്ത്ഡേ പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി' എന്ന് കേക്കില്‍ എഴുതിയിരുന്നു. കേക്ക് മുറിക്കുന്നതിന് മുന്‍പായി മമ്മൂട്ടി സഹായികളുടെ ഫോണിലേക്ക് വീഡിയോകളില്‍ വിളിച്ചാണ് പീലിമോളെയും വീട്ടുകാരെയും കണ്ടതും സംസാരിച്ചതും.

കഴിഞ്ഞ ഏഴാംതീയ്യതി ആയിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. അന്ന് ജോലിക്കുപോയി വൈകിട്ട് തിരിച്ചെത്തിയ മാതാപിതാക്കള്‍ മമ്മൂട്ടിയുടെ പിറന്നാളാഘോഷത്തിന് പോയതാണെന്ന് കരുതിയാണ് പീലി കരഞ്ഞത്. ഇതാണ് അച്ഛന്‍ ചിത്രീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.