മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ ഒന്നാണ് ലോലിതനയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്‌ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ ഒന്നിച്ചെത്തിയ മറിമായത്തിന് മികച്ച കോമഡി പ്രോഗ്രാമിനായുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സ്‌നേഹ. ആദ്യമായി അഭിനയിച്ച പരിപാടിതന്നെ കേരളക്കര ഹൃദയംതുറന്ന് ഏറ്റെടുത്തതിനും, അതിനെ വിജയമാക്കിയതിനും സ്‌നേഹ എല്ലാവരോടും നന്ദി പറയുന്നുണ്ട്. കൂടാതെ പരിപാടി അതിന്റെ പത്താംവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷവും സ്‌നേഹ പങ്കുവെക്കുന്നു.

സ്‌നേഹയുടെ വാക്കുകള്‍

'ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക, ആ പരിപാടി പത്താംവര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം. ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്, ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവാര്‍ഡിന്റെ മധുരവും കൂടുന്നു . മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവില്‍ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി. മറിമായം കുടുംബത്തിലെ അംഗമായതില്‍ എന്നും അഭിമാനം. ഇത്രയും വര്‍ഷങ്ങള്‍ എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ. കൂടെ നിന്ന എല്ലാവര്‍ക്കും സ്‌നേഹം'