മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായി ആരാധകരോട് നിരന്തരം സംവദിക്കന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. ജിഷിന്റെ ചിത്രങ്ങളെക്കാള്‍ അടിപൊളി ക്യാപ്ഷനുകളാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കാരണം മറ്റൊന്നുമല്ല ഫോട്ടോയേക്കാള്‍ നീളത്തിലായിരിക്കും എല്ലായിപ്പോഴും ജിഷിന്റെ ക്യാപ്ഷനുകള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച കുറിപ്പും ചിത്രവുമാണിപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ദുശീലത്തെ, സച്ചിനുമായി ചേര്‍ത്താണ് ജിഷിന്റെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. നഖം കടിക്കുന്നതിന്റെ ദൂഷ്യവശങ്ങളോടൊപ്പംതന്നെ, നടുവിരലിലെ നഖം കടിക്കരുതെന്ന ഉപദേശവും താരം നല്‍കുന്നുണ്ട്. പോസ്റ്റുചെയ്ത ചിത്രംകണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നെങ്കിലും ജിഷിന്റെ കുറിപ്പ് വായിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ജിഷിനോടുള്ള ആരാധന ഒന്നുകൂടെ കൂടിയെന്നുവേണം പറയാന്‍.

താരത്തിന്റെ കുറിപ്പ് വായിക്കാം

'മുദ്ര ശ്രദ്ധിക്കണം... മുദ്ര. ഇത് ഏകമുദ്ര. അറ്റത്തൊരു നാരങ്ങ ഉള്ളത് കൊണ്ട് അര്‍ത്ഥം മാറി. അപ്പൊ പിന്നെ തെറ്റിദ്ധരിക്കണ്ട. നഖം കടിക്കുന്നവര്‍ക്ക് ഒരു ബോധവത്കരണത്തിന് വേണ്ടിയാണ് ഈ ഫോട്ടോ ഇട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും എനിക്കും ഒക്കെ ആകെയുള്ള ദുശീലമാണ് ഈ നഖം കടിക്കല്‍. ഇതിനെക്കുറിച്ചു ഞങ്ങള്‍ പലപ്പോഴും സംസാരിച്ചിട്ടുള്ളതാ. അവനു പിന്നെ ക്രിക്കറ്റിന്റെ പിരിമുറുക്കം ആണെന്ന് വിചാരിക്കാം. എനിക്കാണെങ്കില്‍.. ഈ മണി ഹെയ്സ്റ്റ് പോലുള്ള സീരീസ് ഒക്കെ കാണുമ്പോള്‍ എങ്ങനാ നഖം കടിക്കാതിരിക്കുന്നത്. അല്ലേ? അങ്ങനെ കടിച്ചു കടിച്ചു നഖത്തിന്റെ അടിവേര് വരെ പിഴുതെടുക്കും. അപ്പോഴുണ്ടാകുന്ന ഒരു മനസ്സുഖമുണ്ടല്ലോ.. എന്റെ പൊന്നു സാറേ.. പറഞ്ഞറിയിക്കാന്‍ പറ്റില്ല. പിന്നെയാണ് ഇതിന്റെ പരിണിത ഫലം. ഇതങ്ങു പഴുക്കും. നല്ല വിങ്ങുന്ന വേദനയായിരിക്കും. ആ സമയത്ത് ഈ വിരല്‍ തന്നെ ആയിരിക്കും എപ്പോഴും എവിടെയെങ്കിലും തട്ടുന്നതും. സ്വര്‍ഗ്ഗം കാണും. അപ്പൊ ആരൊക്കെയോ പറഞ്ഞു തരുന്ന ഒറ്റമൂലി ആണ് ഈ നാരങ്ങ പ്രയോഗം. ഒരു നാരങ്ങ മുറിച്ച് കട്ടന്‍ ചായയില്‍ പിഴിഞ്ഞൊഴിച്ച്, സുലൈമാനിയും കുടിച്ച്, ആ നാരങ്ങത്തോട് വിരലില്‍ ഇറക്കി വച്ച് ഇങ്ങനെ ഇരിക്കാം. ഇതൊക്കെ കഴിഞ്ഞു പഴുപ്പൊക്കെ മാറിക്കഴിഞ്ഞാല്‍, തൊലിയൊക്കെ പോയി, വിരലിന്റെ അറ്റമൊക്കെ ഉണങ്ങി, ഒരുമാതിരി ഒണക്കമത്തി പോലെ ഉണ്ടാകും. അതുകൊണ്ട് എന്റെ പൊന്നു നഖംകടി കൂട്ടുകാരെ.. എനിക്കൊന്നേ പറയാനുള്ളൂ. ഇനി മേലാല്‍ നിങ്ങള് നഖം കടിക്കുമ്പോള്‍, ഈ നടുവിരല്‍ ഒഴിച്ചുള്ള നഖമേ കടിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ഇതുപോലെ നടുവിരല്‍ പൊക്കിപ്പിടിച്ചോണ്ട് ഇരിക്കേണ്ടി വരും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

മുഖത്തിന് നേരെ ഇങ്ങനെ വിരല്‍ നീട്ടി ഇരിക്കുന്ന ഫോട്ടോ, യാതൊരു ഉളുപ്പും ഇല്ലാതെ എടുത്തു തന്ന എന്റെ സഹപ്രവര്‍ത്തകന്‍ നിഥിനു ഞാന്‍ എന്റെ നന്ദിയും കൃതജ്ഞതയും ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു.'