ഓ.എല്‍.എക്‌സില്‍ വില്‍ക്കാനിട്ട ടിവിയില്‍ തന്റെ പടം കണ്ട് ഞെട്ടിയാണ് ജിഷിന്‍ കുറിപ്പിട്ടിരിക്കുന്നത്. 

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്റെ ഭാര്യ വരദയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. 

ഇപ്പോഴിതാ രസകരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ജിഷിന്‍. ഓ.എല്‍.എക്‌സില്‍ വില്‍ക്കാനിട്ട ടി.വിയില്‍ തന്റെ പടം കണ്ട് ഞെട്ടിയാണ് ജിഷിന്‍ കുറിപ്പിട്ടിരിക്കുന്നത്. താന്‍ അഭിനയിക്കുന്ന പരമ്പരയില്‍ അച്ഛനെ ഓ.എല്‍.എക്‌സില്‍ വില്‍ക്കട്ടെ എന്നൊരു ഡയലോഗുണ്ടെന്നും, അത് അറംപറ്റി തിരിച്ചടിച്ചതാണെന്നുമാണ് ജിഷിന്‍ പറയുന്നത്. കൂടാതെ സങ്കടം വരദയോട് പങ്കുവച്ചപ്പോള്‍ വരദ പറഞ്ഞ മനോഹരമായ സംഗതിയും ജിഷിന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

ജിഷിന്റെ കുറിപ്പിങ്ങനെ

'ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്‌സില്‍ ഇട്ടു വില്‍ക്കട്ടെ' എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഓ.എല്‍.എക്‌സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, 'അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ' എന്ന്. പകച്ചു പോയി എന്റെ ബാല്യം.
ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ..'

ജിഷിന്‍ സീരിയല്‍ അഭിനയത്തിനുപകരം തലക്കെട്ട് സ്‌പെഷ്യലിസ്റ്റായി പോയാല്‍പ്പോരെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൂടാതെ 12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വില്‍ക്കുക, ഇട്ടയാള്‍ക്ക് തെറ്റിയതാകും എന്നെല്ലാമാണ് ആരാധകര്‍ തമാശയായി പറഞ്ഞുവയ്ക്കുന്നത്.

View post on Instagram