നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്

'മിന്നല്‍ മുരളി'യുടെ (Minnal Murali) വിജയം സുഹൃത്തുക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ആഘോഷിച്ച് ടൊവീനോ തോമസും (Tovino Thomas) ബേസില്‍ ജോസഫും (Basil Joseph). സംഘാംഗങ്ങള്‍ക്കൊപ്പം ഷാംപെയ്‍ന്‍ പൊട്ടിച്ച് ആഘോഷിക്കുന്നതിന്‍റെ വീഡിയോ ടൊവീനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. "ഒരുപാട് മാസങ്ങളെടുത്തു അതിന്. പക്ഷേ നിങ്ങളുടെ പിന്തുണയും സ്നേഹവുംകൊണ്ട് ഞങ്ങള്‍ അത് സാധിച്ചു. ഇത് പാര്‍ട്ടിയുടെ സമയം", വീഡിയോയ്ക്കൊപ്പം ടൊവീനോ കുറിച്ചു.

അതേസമയം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യപ്പെട്ടത് ചിത്രത്തിന്‍റെ റീച്ച് വലിയ തോതില്‍ വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ട്. റിലീസ് ദിനം മുതല്‍ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചിത്രം കഴിഞ്ഞ വാരത്തിലെ അവരുടെ ആഗോള ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. 20 മുതല്‍ 26 വരെയുള്ള വാരത്തില്‍ നോണ്‍ ഇംഗ്ലീഷ് ചിത്രങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്താണ് മിന്നല്‍ മുരളി. ഇന്ത്യ കൂടാതെ മറ്റ് 10 രാജ്യങ്ങളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമാണ് മുരളി.

View post on Instagram

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയറ്റര്‍ റിലീസ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രമായിരുന്നു. എന്നാല്‍ കൊവിഡ് അനിശ്ചിതാവസ്ഥ തുടര്‍ന്നതിനാലാണ് ഒടിടി റിലീസിലേക്ക് മാറിയത്. ചിത്രം ഏറ്റെടുത്തതു മുതല്‍ സമീപകാലത്ത് ഒരു ഇന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പരസ്യ പ്രചരണമാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയത്. മരക്കാറിനു ശേഷം ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്‍ടിക്കപ്പെട്ട ചിത്രവുമായിരുന്നു മുരളി. എന്നാല്‍ ആ പ്രതീക്ഷകളെ സാധീകരിക്കുന്ന ചിത്രം എന്ന നിലയിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റിലീസിന് മണിക്കൂറുകള്‍ക്കകം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചിത്രം ട്രെന്‍ഡ് സെറ്റര്‍ ആവുന്ന കാഴ്ചയാണ് കണ്ടത്.