ഹിന്ദിയില്‍നിന്ന് മലയാളത്തിലേക്കെത്തി പ്രേക്ഷകരുടെ ഹൃദയം കവരുന്ന പരമ്പരയാണ് മൊഹബത്ത്. മലയാള പരമ്പരകളില്‍ കാണാന്‍ കഴിയാത്ത ഗ്രാഫിക്‌സും കഥാതന്തുവുമാണ് മൊഹബത്തിനെ വ്യത്യസ്‍തമാക്കുന്നത്. പ്രണയം കെട്ടുകഥയോട് ചേര്‍ത്താണ് പരമ്പര മുന്നോട്ടു പോകുന്നത്. അമന്‍ റോഷ്‌നി എന്നിവര്‍ തങ്ങള്‍ പോലുമറിയാതെ പരസ്‍പര പൂരകങ്ങളായവരാണ്. അവര്‍ ഒന്നിക്കുന്നതിന്റേയും അവരുടെ പ്രണയത്തിന്റെയും കഥയാണ് പരമ്പര പറയുന്നത്.

അമാനുഷിക കരുത്തുള്ള കഥാപാത്രമാണ് അമന്‍. ഉപ്പ ജിന്നിനെ ആവാഹിച്ച് നേടിയ കണക്കില്ലാത്ത സ്വത്തുക്കള്‍ അമന്റെ പേരിലുണ്ട്. പക്ഷെ ജിന്നില്‍നിന്ന് ഉപകാരം സ്വീകരിച്ചതിന് പകരമായി ഉപ്പ അമനെ ജിന്നിനു നല്‍കിയതാണെന്നാണ് കഥ. അമന്റെയുള്ളില്‍ എപ്പോഴും ജിന്നുണ്ട്. എന്നാല്‍ ജിന്നിന് അമനെ കൊണ്ടുപോകാനുള്ള തടസ്സം റോഷ്‌നിയാണ്. റോഷ്‌നിയും അമനും ഒന്നിക്കുമ്പോള്‍ ജിന്നിന് അമനെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

അമന്റെ അവസാന ആശ്രയം റോഷ്‌നിയാണെന്നറിഞ്ഞിട്ടും, അവളാണ് തന്റെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യം എന്നറിഞ്ഞിട്ടും അമന്റെ ഉമ്മ അവരുടെ വിവാഹത്തിന് സമ്മതിക്കുന്നില്ല. കാരണം റോഷ്‌നിയുടെ ഉമ്മ ഒരു ബാര്‍ ഡാന്‍സര്‍ ആണെന്നുള്ളതാണ്. എന്നാല്‍ അമന്‍ ഉമ്മയുടെ ജീവന്‍ സരക്ഷിക്കാനായി റോഷ്‌നിയെ വിവാഹം ചെയ്യുകയാണ്. അമനും ഉമ്മയും റോഷ്‌നിയെ വെറുക്കുന്നുണ്ട്. എന്നാല്‍ അമന്റെ സഹോദരിമാരും ഉമ്മാമ്മയും റോഷ്‌നിയെ സ്‌നേഹിക്കുകയാണ്.

എന്നാല്‍ റോഷ്‌നിയുടെ ഫോണ്‍കോള്‍ യാദൃശ്ച്യാ കേള്‍ക്കാനിടയായ അമന്‍ റോഷ്‌നിയെ പ്രണയിച്ചു തുടങ്ങുകയാണ്. അവരുടെ പ്രണയം പരമ്പരയെയാകെ മനോഹരമാക്കുന്നുണ്ട് എന്നുവേണം പറയാന്‍. എന്നാല്‍ വിവാഹത്തിനെ തുടര്‍ന്ന് റോഷ്‌നിയുടെ വീഡിയോ പിടിച്ചതിന് അമന്‍ ചിലരുമായി അടിയുണ്ടാക്കുകയാണ്. ഒരാളുടെ സമ്മതമില്ലാതെ വീഡിയോ പിടിക്കരുത് എന്ന് ശാസിച്ച് അമന്‍ തിരികെ വരുമ്പോള്‍, വീഡിയോ പിടിച്ച ഒരുവന്‍ റോഷ്‌നിയെപ്പറ്റി മോശമായി സംസാരിക്കുന്നു. അതുകേട്ട അമന്‍ ആകെ വയലന്റ് ആവുകയും അയാളെ തല്ലുകയുമാണ്. 'ഇവളൊക്ക എല്ലായിടത്തും ഡാന്‍സ് കളിക്കാന്‍ പോകുന്നവളാണ്. മറ്റേതുതന്നെയാണ്.. നമ്മളൊരു വീഡിയോ പിടിച്ചാല്‍ കുഴപ്പം' എന്നിങ്ങനെയൊക്കെയാണ് മറ്റയാള്‍ സംസാരിക്കുന്നത്.

പെട്ടന്നുതന്നെ അമനിലെ ജിന്ന് ഉണരുന്നു. അമന്റെ നഖങ്ങള്‍ നീളുന്നു. കണ്ണ് നീലയാകുന്നു. അങ്ങനെയെല്ലാം മാറ്റം വരുമ്പോഴേക്ക് അമന്‍ ഒരു മുറിയിലേക്ക് കയറി വാതിലടക്കുകയാണ്. വിവാഹത്തിന്റെ പാര്‍ട്ടി ആകെ കുളമായി അവസാനിക്കുകയും ചെയ്യുന്നു. അമന്‍ കയറിയ മുറിയിലേക്ക് കയറുന്ന റോഷ്‌നി കാണുന്നത്, സ്വയം ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കിടക്കുന്ന അമനെയാണ്. അടുത്തേക്കുചെല്ലുന്ന റോഷ്‌നിയെ പാതി ജിന്നായി മാറിയ അമന്‍ കഴുത്തിന് പിടിച്ച് ഞെക്കുകയും, പിടിച്ച് വലിച്ചെറിയുകയുമാണ്. റോഷ്‌നി അങ്ങനെ കിടക്കുന്നത് പിറ്റേന്നുവരെ ആരും കാണുന്നില്ല. പിറ്റേന്ന് പരിക്കുകളോടെ കിടക്കുന്ന റോഷ്‌നിയെ അമന്‍ തന്നെയാണ് എടുത്ത് മുറിവുകള്‍ കെട്ടുന്നതും മറ്റും. ആ സമയത്ത് റോഷ്‌നി അബോധാവസ്ഥയില്‍ പറയുന്നത്, കേസു കൊടുക്കും എന്നും മറ്റുമാണ്. അതുകേട്ട് അമന്‍ ഭയക്കുന്നുണ്ട്. ഇക്കാര്യം ഉമ്മാമ്മയോട് പറയുമ്പോള്‍, ഉമ്മാമ്മ റോഷ്‌നിയോട് സംസാരിക്കാന്‍ എത്തുന്നിടത്താണ് പുതിയ പരമ്പര അവസാനിക്കുന്നത്. മനോഹരമായ പ്രണയരംഗങ്ങളാല്‍ പരമ്പര മുന്നേറുമ്പോള്‍, അതിന്റെ കൂടെത്തന്നെ ജിന്നിനെ സംബന്ധിക്കുന്ന ഭയവും കാണാം. വരും എപ്പിസോഡുകള്‍ പ്രണയത്താലും, കെട്ടുറപ്പുള്ള കഥയാലും മുഖരിതമായിരിക്കുമെന്ന് കരുതാം. കാത്തിരുന്ന് കാണാം.