ദൃശ്യത്തിന്‍റെ രണ്ടാംഭാഗമായ 'ദൃശ്യം 2'മായി ബന്ധപ്പെട്ട എന്ത് കാര്യവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ട മോഷന്‍ പോസ്റ്റര്‍ മുതല്‍ ഏറ്റവുമൊടുവില്‍ ദിവസങ്ങള്‍ക്കു മുന്‍പെത്തിയ മോഹന്‍ലാലിന്‍റെ വീഡിയോ വരെ ചിത്രവുമായി ബന്ധപ്പെട്ട സര്‍വ്വതും വൈറല്‍ ആണ്. ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തെത്തിയ ഒരു വീഡിയോയില്‍ സ്വന്തം വാഹനത്തില്‍ ചിത്രത്തിന്‍റെ തൊടുപുഴ ലൊക്കേഷനിലേക്ക് എത്തുന്ന മോഹന്‍ലാല്‍ ആയിരുന്നു. ഈ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കാറില്‍ നിന്നിറങ്ങുന്ന മോഹന്‍ലാല്‍ മാസ്ക് അഴിക്കുന്നു എന്നതാണ് ചിലര്‍ വിമര്‍ശനരൂപേണ ചൂണ്ടിക്കാണിച്ചത്.

ഇപ്പോഴിതാ മോഹന്‍ലാല്‍ ദൃശ്യം 2 ലൊക്കേഷനിലേക്കെത്തുന്ന പുതിയൊരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പങ്കുവച്ചിരിക്കുന്നത്. പുതിയ വീഡിയോയില്‍ 'ഫുള്‍ ബ്ലാക്ക്' ഗെറ്റപ്പിലാണ് മോഹന്‍ലാല്‍. പാന്‍റ്സിനും ഷര്‍ട്ടിനുമൊപ്പം മാസ്ക് വരെ കറുത്ത നിറത്തിലുള്ളത്. കാറില്‍ നിന്നിറങ്ങുന്ന അദ്ദേഹം മാസ്ക് വച്ചുകൊണ്ടുതന്നെയാണ് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്യുന്നത്.

അതേസമയം ദൃശ്യം 2ന്‍റെ തൊടുപുഴ ലൊക്കേഷന്‍ പുരോഗമിക്കുകയാണ്. എറണാകുളത്ത് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ പത്ത് ദിവസത്തോളം നീണ്ടുനിന്നിരുന്നു. പിന്നീടാണ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍.