ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിലാണ് നടൻ മോഹൻലാൽ. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. അടുത്തിടെയായി മോഹൻലാൽ തന്റെ ചില ചിത്രങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 

ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയൊരു ലുക്ക് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിംഹത്തിന്റെ പശ്ചാത്തലത്തിൽ വെള്ള ഷർട്ടും കണ്ണടയും തൊപ്പിയും വച്ചിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. 

ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. ഇന്ത്യൻ സിനിമയിലെ രാജാവും കിംഗ് ഓഫ് ദി ജംഗിളും ഒരൊറ്റ ഫ്രെയിമിലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. "സിംഹത്തിന്റെ ചിത്രത്തിന് മുന്നിൽ ശെരിക്കുള്ള സിംഹം ലാലേട്ടൻ മലയാളിയുടെ രാജാവ്, കാട്ടിലെ രാജാവും, മലയാള സിനിമയുടെ രാജാവും, പുറകിലേ സിംഹത്തേക്കാൾ ഗാംഭീര്യം മുന്നിലെ സിംഹത്തിന് തന്നെ" എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ. 

Posted by Mohanlal on Friday, 27 November 2020

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.