നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ദൃശ്യത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെന്ന്  കഴിഞ്ഞ ദിവസം മോഹൻലാൽ കുറിച്ചിരുന്നു. 

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്ക്രീനിം​ഗ് തുടരുകയാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദൃശ്യം കാണുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് നടൻ മോഹൻലാൽ. വീട്ടിലെ തിയറ്ററിൽ ഇരുന്നാണ് കുടുംബ സമേതം താരം സിനിമ കാണുന്നത്.

ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയറ്ററിന്റെ മുൻ നിരയിൽ തന്നെ ഇരിക്കുന്ന പ്രണവിനെയും വിസ്മയയെയും വീഡിയോയിൽ കാണാം. പുറത്ത് വന്ന് നിമിഷങ്ങൾ‍ക്കുള്ളിൽ വീഡിയോ വൈറലായി കഴിഞ്ഞു. സംവിധായകൻ ജീത്തു ജോസഫിനെയും മോഹൻലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 

നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ദൃശ്യത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ കുറിച്ചിരുന്നു. അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. നല്ല ചിത്രങ്ങളിലെ എന്നും ലോകത്തുള്ള സിനിമ സ്നേഹികള്‍ എന്നും അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യമാണ് ദൃശ്യം 2വിന്‍റെ വിജയത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നത്. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന്‍റെ സ്നേഹവും പിന്തുണയും ഞങ്ങളെ പ്രേരിപ്പിക്കും. സ്നേഹം വാരിവിതറുന്ന എല്ലാവര്‍ക്കും നന്ദി, ടീം ദൃശ്യത്തിലെ എല്ലാവരുക്കും പ്രത്യേകിച്ച്. മുഴുവന്‍ ടീമിനും എന്‍റെ നന്ദിയും അഭിനന്ദനങ്ങളും. ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്‍ക്കും നന്ദിയെന്നും താരം കുറിച്ചിരുന്നു.