കൊവിഡ് പശ്ചാത്തലത്തിലെ ആറ് മാസം നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്ന ചിത്രമാണ് ദൃശ്യം 2. പുതിയ കാലത്ത് മലയാളസിനിമയുടെ വിപണിയുടെ വലിപ്പം സിനിമാവ്യവസായത്തെയാകെ ബോധ്യപ്പെടുത്തിയ ഒരു ചിത്രത്തിന്‍റെ രണ്ടാംഭാഗം. ഏഴ് വര്‍ഷത്തിന് ശേഷമെത്തുന്ന രണ്ടാംഭാഗം പ്രഖ്യാപനസമയം മുതല്‍ ആരാധകര്‍ ചര്‍ച്ചയാക്കി തുടങ്ങിയതാണ്. അവസാനം കൊവിഡ് പശ്ചാത്തലത്തിലെ കര്‍ശന നിബന്ധനകളോടെ ഇക്കഴിഞ്ഞ 21ന് സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന മോഹന്‍ലാല്‍ ഇന്നലെയാണ് ദൃശ്യം 2 ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തത്. 'ജോര്‍ജ്‍കുട്ടി'യുടെ ഗെറ്റപ്പിലുള്ള തന്‍റെ ചിത്രത്തിനൊപ്പമാണ് ചിത്രീകരണത്തിന് ജോയിന്‍ ചെയ്ത വിവരം മോഹന്‍ലാല്‍ അറിയിച്ചത്. ഈ ചിത്രം മുന്‍നിര്‍ത്തിയാണ് ഇപ്പോഴുള്ള ദൃശ്യം 2 ചര്‍ച്ചകള്‍.

ആദ്യഭാഗത്തേതില്‍ നിന്ന് കാഴ്ചയില്‍ 'ജോര്‍ജ്‍കുട്ടി'യ്ക്കുള്ള പ്രകടമായ വ്യത്യാസം പുതിയ ലുക്കില്‍ താടി വച്ചിട്ടുണ്ട് എന്നതാണ്. എന്നാല്‍ കൗതുകകരമായ മറ്റൊരു നിരീക്ഷണം ആരാധകരില്‍ ചിലര്‍ പങ്കുവച്ചിട്ടുണ്ട്. അത് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടിനെക്കുറിച്ചുള്ളതാണ്. ദൃശ്യത്തില്‍ ക്ലൈമാക്സിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോഴത്തെ അതേ നിറത്തിലുള്ള ഷര്‍ട്ടാണ് ഇന്നലെ പങ്കുവച്ച ചിത്രത്തിലും മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത് എന്നതാണത്. ദൃശ്യത്തിലെ ആ രംഗത്തിന്‍റെ സ്റ്റില്ലും പുതിയ ചിത്രത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.

കൊച്ചിയില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളിന്‍റെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം മറ്റൊരു ലൊക്കേഷനായ തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും. അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തിയതിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ദൃശ്യം 2 ന്‍റെ പശ്ചാത്തലം കുറ്റകൃത്യമല്ലെന്നും രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ ആയതിനാല്‍ ആള്‍ക്കൂട്ടം കടന്നുവരുന്ന ഒരു രംഗം മാറ്റിയെഴുതേണ്ടിവന്നതിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തില്‍ ജീത്തു വിശദീകരിച്ചിരുന്നു. വലിയൊരു കേസില്‍ നിന്ന് മുക്തരായതിന് ശേഷം ജോര്‍ജ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്, പൊലീസിന്‍റെ നിലപാട് എന്താണ്, ജോര്‍ജ്‍കുട്ടിയുടെ മക്കള്‍ വളര്‍ന്നതിനു ശേഷം എങ്ങനെയാണ് ആ കുടുംബം കഴിയുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവും പുതിയ ചിത്രം എന്നാണ് സംവിധായകന്‍ നല്‍കിയിരിക്കുന്ന സൂചന.