Asianet News MalayalamAsianet News Malayalam

'അടുക്കളയിലേക്ക് ഓടി, കിടിലൻ ഐറ്റവുമായി വരുന്ന മാന്ത്രികൻ'; മോഹൻലാലിനെ കുറിച്ച് കളക്ടർ ബ്രോ

മോഹൻലാൽ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായ അനുഭവങ്ങൾ ചേർത്താണ് എൻ പ്രശാന്ത് ഐഎഎസിന്റെ കുറിപ്പ്.

n prasanth facebook post about mohanlal
Author
Kochi, First Published May 22, 2021, 5:50 PM IST

ഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്റെ അറുപത്തി ഒന്നാം പിറന്നാൾ ആഘോഷിച്ചത്. അഭിനേതാക്കൾ ഉൾപ്പടെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് പ്രിയതാരത്തിൻ ആശംസയുമായി എത്തിയിരുന്നത്. ഇപ്പോഴിതാ മോഹൻലാലിന് ആശംസയറിച്ച് കളക്ടർ ബ്രോ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാൽ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായ അനുഭവങ്ങൾ ചേർത്താണ് എൻ പ്രശാന്ത് ഐഎഎസിന്റെ കുറിപ്പ്. ഈ കൊറോണക്കാലത്ത് സങ്കടപ്പെടുത്തുന്ന മരണവാർത്തകൾ ചുറ്റിലും കേൾക്കുമ്പോഴും, അശാന്തിയും ആക്രോശങ്ങളും മുഴങ്ങുമ്പോഴും, ഒരു നല്ല ഫീൽ ഗുഡ് ലാലേട്ടൻ പടം മതി എല്ലാം ഒക്കെ ആവാനെന്നും പ്രശാന്ത് കുറിക്കുന്നു. 

എൻ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈയുള്ളവൻ ഇലക്ഷൻ ഒബ്സർവറായി കഴിഞ്ഞ മാസം മുഴുവനും കൽക്കത്തിയിലായിരുന്നല്ലോ. ഒരു ദിവസം വൈകിട്ട്, ബംഗാളി സിനിമാപ്രവർത്തകനും നടനും എന്റെ സുഹൃത്തുമായ അൻഷുമാനുമായി ബംഗാളി-മലയാളം സിനിമാ 'തള്ള് യുദ്ധം' നടത്തുകയായിരുന്നു. അടുത്ത കാലത്തിറങ്ങിയ ഗംഭീര മലയാളം OTT ചിത്രങ്ങൾ കൊണ്ട് ബംഗാളി സിനിമയുടെ ഗതകാല പ്രൗഢിക്ക് മുന്നിൽ ഞാൻ പിടിച്ച് നിന്നു. അവസാനം യൂട്യൂബിൽ ദശരഥത്തിന്റെ ക്ലൈമാക്സിലെ 'വിരലുകളുടെ അഭിനയം' കാണിച്ച് കൊടുത്തതോടെ അൻഷുമാൻ നിലംപരിശായി. അൻഷുമാന്റെ ജർമ്മൻ ഭാര്യ അതുകണ്ട് ബ്ലിങ്കസ്യ.
അല്ല, ലാലേട്ടന്റെ അഭിനയത്തെ പറ്റി പറയുന്നതിൽ എന്താണ് പുതുമ? ലാലേട്ടന്റെ പാചകമാണ് ഇന്നത്തെ വിഷയം. പ്രത്യേകിച്ച് സീഫുഡ്. പാചകം ചെയ്ത് സ്നേഹത്തോടെ കഴിപ്പിക്കുന്നതിലും നല്ല ഫീഡ്ബാക്ക് കിട്ടിയാൽ അതിവേഗം അടുക്കളയിലേക്ക് ഓടി, അതിലും കിടിലം ഐറ്റവുമായി വീണ്ടും വരുന്ന മാന്ത്രികൻ. ഒരു തവണ എങ്ങനെയോ ഒപ്പിക്കുന്നതല്ല, പലതവണ രുചിച്ച് ബോധ്യപ്പെട്ടതാണിത്. നല്ല രസികൻ കോക്ക്ടെയിലുകൾ വേറെ. ലാലേട്ടൻ എന്ന അനുഗ്രഹീത നടന്റെ അഭിനയം മാത്രമല്ല കൊതിയൂറും പാചകവും ആസ്വദിക്കാൻ ഭാഗ്യമുണ്ടായ ഞാൻ 100 % സെർട്ടിഫൈ ചെയ്യുന്നു! 
'മനു അങ്കിളിൽ' ബൈക്കിൽ പിന്തുടർന്ന ലാലേട്ടൻ കൂളിംഗ് ഗ്ലാസ്സ് മാറ്റുമ്പോൾ ചങ്കിടിപ്പ് നിന്നു പോയ കുട്ടി തന്നെയാണ് ഇന്നും എന്റെയുള്ളിൽ. പിന്നീട് കുറേക്കാലത്തേക്ക് വീട്ടുകാരൊത്ത് കാറിൽ  പോകുമ്പോൾ ബാക്ക് സീറ്റിലിരുന്ന് പിന്നിലേക്ക് നോക്കും - ബുള്ളറ്റിൽ താടിയും തൊപ്പിയും കൂളിങ്ങ് ഗ്ലാസുമിട്ട ലാലേട്ടനുണ്ടോന്ന്! ലേശം പേടി ഉണ്ടായിരുന്നു അന്ന് എന്നത് സത്യം. 
ഈ കൊറോണക്കാലത്ത് സങ്കടപ്പെടുത്തുന്ന മരണവാർത്തകൾ ചുറ്റിലും കേൾക്കുമ്പോഴും, അശാന്തിയും ആക്രോശങ്ങളും മുഴങ്ങുമ്പോഴും, ഒരു നല്ല ഫീൽ ഗുഡ് ലാലേട്ടൻ പടം മതി എല്ലാം ഒക്കെ ആവാൻ.  കുസൃതിക്കണ്ണുകളും ചമ്മിയ ചിരിയും അപാര ടൈമിംഗും. അതാണ് ആ മനുഷ്യന്റെ മാജിക്. രുചിക്കൂട്ടുകളുടെ മാന്ത്രികന്റെ കൈപ്പുണ്യം വീണ്ടും ആസ്വദിക്കാനാവുന്ന നല്ല നാളുകൾ മടങ്ങി വരട്ടെ. Mohanlal ലാലേട്ടന് ഹൃദ്യമായ പിറന്നാൾ ആശംസകൾ.
PS: ഫോട്ടോ കണ്ട് അസൂയ്യപ്പെട്ട് എന്നെ തല്ലിക്കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്- ദയവായി തിക്കുംതിരക്കും ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷമയോടെ അവരുടെ അവസരത്തിനായി കാത്തുനിൽക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios