നദിയ മൊയ്തു എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന പാട്ടായിരിക്കും. ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നദിയ തിരിച്ചുവന്നത് കേരളത്തിലും തരംഗം സൃഷ്ടിച്ച എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. അമ്മ മകന്‍ ആത്മബന്ധത്തിന്റെ രസകരവും സങ്കീര്‍ണ്ണവുമായ കൂടിച്ചേരലുകള്‍ സിനിമയെ തെന്നിന്ത്യയിലെ മികച്ചൊരു സിനിമയാക്കി മാറ്റി. ജയം രവി അസിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങളെങ്കിലും മെയിന്‍ റോള്‍ നദിയ തന്നെയായിരുന്നു

ഇന്‍സ്റ്റാഗ്രാമിലൂടെ എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മിയുടെ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണിപ്പോള്‍ താരം. ആ സിനിമയോടെ അവരെല്ലാം എന്റെ കുടുംബം പോലെയായിമാറി എന്നാണ് നദിയ പറയുന്നത്. കുറിപ്പിങ്ങനെ, 'ഈ സിനിമയുടെ സെറ്റ് ഇന്നുമോര്‍മ്മയുണ്ട്. അതിപ്പോഴുമെന്റെ കുടുംബംപോലെ നിലനില്‍ക്കുന്നുമുണ്ട്. ജയം രവിക്കും സംവിധായകന്‍ മോഹന്‍രാജയ്ക്കുമൊപ്പം. വളരെനാളത്തെ ഇടവേളയ്ക്കുശേഷമുള്ള എന്റെ രണ്ടാം ഇന്നിംഗ്‌സിന് തുടക്കമിട്ടത് അവിടെയായിരുന്നു'.