പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുകയാണ് നീലക്കുയില്‍ പരമ്പര. ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും കസ്‍തൂരി ഒറ്റപ്പെടുമ്പോള്‍ സ്വാതിയെ ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ ഉഴലുകയാണ് പ്രേക്ഷകര്‍. കസ്‍തൂരിയുടെ മാനസികാരോഗ്യം സംശയത്തിലാകുമ്പോള്‍, കസ്‍തൂരിയെ പഴിചാരി രക്ഷപ്പെടാന്‍ സ്വാതിയും മുതിരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ അന്വേഷണം തന്നിലേക്ക് നീളുമെന്ന ഭയത്തിലായിരുന്ന സ്വാതി, കസ്‍തൂരിക്ക് മനോനില തകരാറായതിനാല്‍ ഇനി പ്രശ്‌നങ്ങളില്ലായെന്ന് കരുതിയാണ് സാഹസത്തിന് മുതിരുന്നത്. ഒറ്റപ്പെടലിനവസാനം കസ്‍തൂരിയെ പോലീസ് കൊണ്ടുപോകുമോ, വീട്ടിനു പുറത്താകുമോ അതോ സത്യങ്ങള്‍ മറനീക്കി പുറത്തെത്തുമോ എന്നരീതിയില്‍ സസ്‌പെന്‍സ് നല്‍കിയാണ് കഥ മുന്നോട്ടുപോകുന്നത്.

തന്റെ കുട്ടിയെ വെള്ളത്തില്‍ വിഷംകലര്‍ത്തി ഇല്ലാതാക്കിയത് ആരാണെന്നറിയാതെ ആദി കുഴങ്ങുമ്പോള്‍, ആദിയുടെ സംശയത്തിന്റെ ദൃഷ്‍ടികള്‍ റാണിയിലേക്കും നീളുകയാണ്. എന്നാല്‍ സ്വാതി തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന സത്യം സ്വാതിയുടെ അച്ഛനും അമ്മയും ഏറക്കുറെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നുവേണം പറയാന്‍. പക്ഷെ സ്വാതി സമ്മതിക്കാതിരിക്കുന്നത്രയുംകാലം അവര്‍ക്കും സത്യങ്ങള്‍ അഭ്യൂഹങ്ങളും ദുസ്വപ്‌നങ്ങളും മാത്രമാണ്. സ്വാതിയാണ് പ്രതിയെന്ന് തെളിഞ്ഞാല്‍ ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന് സ്വാതിയുടെ അച്ഛനും അമ്മയും പറയുമ്പോള്‍ പരമ്പര കൂടുതല്‍ പിരിമുറുക്കങ്ങളിലേക്ക് നീങ്ങുന്നു.

എന്നാല്‍ കസ്‍തൂരിയുടെ മാനസികനിലയും കഥാഗതിയില്‍ നിര്‍ണ്ണായകയമാവുകയാണ്. സ്വാതിയാണ് കുറ്റക്കാരി എന്നറിഞ്ഞ കസ്തൂരി സ്വാതിയെ വകവരുത്താനുള്ള ശ്രമം തുടരുകയാണ്.

പുതിയ എപ്പിസോഡില്‍ കസ്‍തൂരി വിറകുകൊള്ളിയെടുത്ത് സ്വാതിയെ അടിക്കുന്നതും, അതേത്തുടര്‍ന്ന് കസ്‍തൂരിയെ വീട്ടുകാര്‍ കെട്ടിയിട്ടിരിക്കുന്നതുമാണ് കൗസ്‍തൂഭത്തിലെ ഇതുവരെയുള്ള വിശേഷം. റാണിയുടെ അമ്മ ഇത്രനാള്‍ വിശ്വസിച്ചിരുന്നത് മകളുടെ അശ്രദ്ധമൂലം കുട്ടിയെ നഷ്‍ടമായെന്നാണ്. എന്നാല്‍ മകളുടെ കുട്ടി നഷ്‍ടമായത് വെള്ളത്തില്‍ വിഷം കലര്‍ന്നതുമൂലമാണെന്ന് അമ്മ അറിയുന്നിടത്താണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുന്നത്.

കസ്‍തൂരി, റാണി, സ്വാതി എന്നിവര്‍ പ്രതിസ്ഥാനത്തെത്തുമ്പോള്‍ പരമ്പര അതിന്റെ സസ്‌പെന്‍സ് സ്വഭാവം പൂര്‍ണ്ണമായും സൂക്ഷിച്ചിരിക്കയാണ്. എന്താകും നാളെ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. റാണിയുടെ അമ്മ സത്യമറിയുമ്പോള്‍ റാണിയുടെ വീട്ടിലും കൗസ്തൂഭത്തിലും പുതിയ കോലാഹലങ്ങള്‍ പ്രേക്ഷകര്‍ കാണേണ്ടിയിരിക്കുന്നു.