ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ സംഭവം പരമ്പരയ്ക്ക് ആകാംക്ഷ നിറയ്ക്കുകയാണ്. കുറ്റങ്ങള്‍ സ്വയം ഏറ്റെടുത്ത് റാണിയെ രക്ഷിക്കാനാണ് കസ്തൂരി ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തെറ്റുചെയ്ത സ്വാതി എല്ലാവരുടേയും കയ്യില്‍നിന്ന് രക്ഷപ്പെടുകയുമാണ്. രാധാമണിയുടെ നിര്‍ബന്ധപ്രകാരമാണ്, താനാണ് തെറ്റ് ചെയ്‍തതെന്ന് എല്ലാവരോടും  കസ്‍തൂരി പറഞ്ഞിരിക്കുന്നത്. എന്നാല്‍ എല്ലാവരും കസ്‍തൂരി പറഞ്ഞത് വിശ്വസിക്കുന്നില്ല എന്നതാണ് കഥാഗതി.

റാണിയുടേയും ആദിയുടേയും കുട്ടിയെ ഇല്ലാതാക്കിയ സംഭവമാണ് കുറച്ച് ഭാഗങ്ങളിലായി പരമ്പരയിലുള്ളത്. കുട്ടിയെ ഇല്ലാതാക്കിയത് ആര് എന്ന സംശയം പരമ്പരയെയാകെ കുഴപ്പിക്കുകയാണ്. അതിന് ഓരോരുത്തരും അവരവരുടേതായ രീതിയില്‍ അന്വേഷണവും നടത്തുന്നുണ്ട്. ക്യാപ്റ്റനും ആദിയും രാധാമണിയും ശരത്തുമെല്ലാം സംശയിക്കുന്നത് റാണിയെയാണ്. റാണിതന്നെ അവളുടെ കുഞ്ഞിനെ ഇല്ലാതാക്കിയെന്ന തരത്തിലാണ് ഇവരെല്ലാം പെരുമാറുന്നത്. എന്നാല്‍ ഉത്തരമൊന്നും കിട്ടാതെ നടക്കുന്നവരുമുണ്ട്. പൊലീസില്‍ കേസ് കൊടുത്താല്‍ സംഗതി നിഷ്പ്രയാസം അവസാനിച്ചേക്കാം. പക്ഷെ മറ്റുചില പ്രശ്‌നങ്ങള്‍ കാരണം ആരും  കേസിന് പോകുന്നില്ല. അത് ആക്കംവച്ചാണ് സ്വാതി പെരുമാറുന്നത്. തന്റെ കുറ്റങ്ങള്‍ റാണിയുടെമേല്‍ ചാരാനാണ് സ്വാതി ശ്രമിക്കുന്നത്.

 രാധാമണിയുടെ ഊഹം തന്റെ മകള്‍ തന്നെയാണ് കുറ്റക്കാരിയെന്നാണ്. അതിനാല്‍ റാണിയെ ഏതുവിധേയവും രക്ഷിക്കണം എന്നുമാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി രാധാമണി ശ്രമം നടത്തുകയാണ്. അതുകൊണ്ടുതന്നെയാണ് വൈരാഗ്യം മറന്ന് കസ്‍തൂരിയെ കുറ്റമേല്‍ക്കാന്‍ ശട്ടം കെട്ടുന്നതും. ഈ കുറ്റം ഏറ്റെടുത്താല്‍ താന്‍ കസ്‍തൂരിയെ സ്വന്തം മകളായികാണാം എന്നാണ് രാധാമണി പറയുന്നത്. അതില്‍ കസ്‍തൂരി അലിയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ സംഭവങ്ങളൊന്നും റാണിയുടെ അച്ഛന്‍ ശരത്ത്  അറിയുന്നില്ല.

അതേസമയം ആദിയും റാണിയും തമ്മില്‍ പൊട്ടിത്തെറികള്‍ നടക്കുകയാണ്. കസ്‍തൂരിയെ ബൈക്കില്‍ കയറ്റിയതിനാണ് റാണി പ്രശ്‌നമുണ്ടാക്കുന്നത്. ഇനി തന്നെ വിട്ട് കസ്‍തൂരിയെ വിവാഹം കഴിക്കാനാണോ ശ്രമം എന്നെല്ലാം റാണി ചേദിക്കുന്നുണ്ട്. എന്നാല്‍ റാണി തന്നെ ചതിക്കുകയാണ് എന്ന് കരുതുന്ന ആദി എല്ലാം മനസ്സില്‍ ഒതുക്കി മിണ്ടാതെ നില്‍ക്കുന്നു. പക്ഷെ അവസാനനിമിഷം റാണിയെ തല്ലാന്‍ കയ്യോങ്ങുമ്പോള്‍ ക്യാപ്റ്റന്‍ കാണുകയാണ്. റാണിയെ പറഞ്ഞുവിടുന്ന ക്യാപ്റ്റന്‍ ആദിയോട് പഴയ ഡൈവോഴ്‌സിന്റെ കാര്യം ചോദിക്കുന്നു. ആദി ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. എല്ലാം സമയമാകുമ്പോള്‍ പറയാം എന്നാണ് ആദി പറയുന്നത്.

ആ സമയത്താണ് കസ്‍തൂരിയും ശരത്തും കാറില്‍ വരുന്നത്. അതുകണ്ട് റാണി ആകെ ദേഷ്യപ്പെടുകയാണ്. അച്ഛനോട് എന്തിനാണ് കസ്‍തൂരിയെ കൂടെ കൂട്ടിയതെന്നും, ഇവളാണ് തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതെന്നും പറയുകയാണ്. അതേസമയം കസ്‍തൂരിയല്ല ചെയ്‍തതെന്ന് ശരത്ത് വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍, കസ്‍തൂരി അക്കാര്യം പറയുകയാണ്.. താനാണ് റാണിയുടെ കുട്ടിയെ ഇല്ലാതാക്കിയതെന്ന് പറയുന്നു. അതുകേട്ട് റാണി അച്ഛനോട് ദേഷ്യപ്പെട്ട് അകത്തേക്കു പോകുകയും, ശരത്ത് അത് വിശ്വസിക്കാന്‍ തയ്യറാകാതെ നില്‍ക്കുകയാണ്. ഇതെല്ലാംകേട്ട സരോജിനിയമ്മ ഷാരമ്മയെ വിളിച്ച് എല്ലാം പറയുമ്പോള്‍, അവരാണ് അത് ചെയ്യിച്ചതെന്ന് ഷാരമ്മ പറയുന്നു. സരോജിനിയുടെ ഫോണ്‍ ലൗഡിലിട്ട് എല്ലാം സ്വാതിയും കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ആരോടും ഇക്കാര്യം പറയരുതെന്നും, പറഞ്ഞാല്‍ സ്വാതിയുടെ എല്ലാ കാര്യങ്ങളും താന്‍ പുറത്തുപറയുമെന്നും സരോജിനി പറയുകയാണ്. അങ്ങനെ അതാലോചിച്ച് നില്‍ക്കുന്ന സ്വാതിയെ കാണിച്ചാണ് ഇന്നത്തെ ഭാഗം അവസാനിക്കുന്നത്.