പ്രേക്ഷകരുടെ ഇഷ്‍ട പരമ്പര നീലക്കുയില്‍ അതിന്റെ ഏറ്റവും പ്രധാന കഥാഗതിയിലേക്ക് നീങ്ങുകയാണ്. കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തുന്നു. റാണിയുടെ കുട്ടിയേയും ഇല്ലാതാക്കി, റാണിക്കെതിരെ കരുക്കള്‍ നീക്കിയ സ്വാതി, കൂട്ടുകാരന്റെ ചതിയിലൂടെ ഇപ്പോള്‍ ജയിലിലാണ്. പണയംവയ്ക്കാനായി കൂട്ടുകാരന്റെ പക്കല്‍ നല്‍കിയ പണ്ടങ്ങളുടെ ഭാഗമായാണ് സ്വാതി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. റാണിക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാനാണ് സ്വാതി സുഹൃത്തിന്റെ സഹായംതേടിയത്. സ്വാതി ഇത്തരത്തിലെ തെറ്റൊന്നും ചെയ്‍തിട്ടില്ലെന്ന് കസ്തൂരിക്കും, റാണിക്കും മറ്റും അറിയാമെങ്കിലും, സ്വാതി ജയിലിലായതില്‍ അവര്‍ക്ക് സങ്കടമില്ല. റാണിക്കെതിരെ പ്രവര്‍ത്തിച്ചതിനെല്ലാം ദൈവം നല്‍കിയതാണ് ഈ ശിക്ഷ എന്നാണ് അവര്‍ കരുതുന്നത്.

ആദിയും റാണിയും തമ്മില്‍ വേര്‍പിരിയലിന്റെ വക്കിലാണ്. തന്റെ വീട്ടില്‍നിന്ന് തിരികെ കൗസ്‍തൂഭത്തിലെത്തിയ റാണി കാണുന്നത്, കസ്‍തൂരിയെ വാരിപ്പുണരുന്ന ആദിയെയായിരുന്നു. അതുകൊണ്ടുതന്നെ ഇനി ആദിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് റാണി ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ശരണുമായി റാണിക്ക് അവിഹിതമായ ബന്ധമുണ്ടെന്നു കരുതുന്ന ആദി, കരുതിക്കൂട്ടിച്ചെയ്‍ത ഒന്നായിരുന്നു കസ്‍തൂരിയെ കെട്ടിപ്പിടിക്കല്‍. ശരണുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്ന തന്റെ ഭാര്യയെ ഏതുവിധേയവും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനാണ് ആദി ശ്രമിക്കുന്നത്.

തന്റെ മകള്‍ ജയിലില്‍നിന്ന് എത്രയും വേഗം പുറത്തെത്തണമേ എന്ന് കരളുരുകി പ്രാര്‍ത്ഥിക്കുകയാണ്, സ്വാതിയുടെ അമ്മ ചന്ദ്ര. എന്നാല്‍ എന്തിനാണ് മകളെ റിമാന്‍ഡ് ചെയ്തതെന്നും ചന്ദ്രയ്ക്കറിയില്ല. സ്വാതി എന്തിനാണ് അപരിചിതനായ ഒരുവന് സ്വര്‍ണ്ണം പണയം വയ്ക്കാന്‍ നല്‍കിയതെന്ന് കൗസ്‍തൂഭത്തിലെ ആര്‍ക്കും മനസ്സിലായിട്ടില്ല. പൊലീസിനും ഉത്തരംവേണ്ടത് ആ ഒരു കാര്യത്തിനാണ്. സ്വാതി സ്വര്‍ണ്ണം കൊടുത്തത് എന്തെങ്കിലും പ്രത്യുപകാരമാണോ എന്നാണ് പൊലീസിന് അറിയേണ്ടത്. തന്റെ സഹോദരഭാര്യയുടെ കുഞ്ഞിനെകൊന്നതിനും താനാണ് ഉത്തരവാദി എന്ന് പറയാനാകാത്തതിനാലാകണം, സ്വാതി പോലീസിനോടും ഒന്നും വിട്ടുപറയാത്തത്.
വക്കീലിനെ കാണാന്‍പോയിവന്ന ആദിയും ക്യാപ്റ്റനോട് പറയുന്നത്, എന്തിനാണ് സ്വര്‍ണ്ണം പണയംവയ്ക്കാന്‍ നല്‍കിയതെന്ന് പറഞ്ഞാല്‍ മാത്രമേ ജാമ്യത്തിന്റെ കാര്യം ശരിയാകുവെന്നാണ്.

സ്വാതിയുടെ കാര്യം ആകെ അവതാളത്തിലാണ്. സത്യം പറഞ്ഞാലും, ഇല്ലെങ്കിലും ജയില്‍ എന്നതാണ് അവസ്ഥ. സത്യങ്ങള്‍ കാലങ്ങള്‍ കഴിഞ്ഞാലും മറനീക്കി പുറത്തുവരും. കാത്തിരിക്കാം സത്യങ്ങള്‍ മറനീക്കിവരുന്നതിന്.