പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു 'വാനമ്പാടി' അവസാന എപ്പിസോഡ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇഷ്ട സീരിയല്‍ അവസാനിച്ചതിന്‍റെ പ്രയാസം അനുഭവിക്കുന്ന പ്രേക്ഷകരിലേക്ക് പുതിയൊരു പരമ്പര അവതരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്. 'സാന്ത്വനം' എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. മലയാളികളുടെ പ്രിയ അഭിനേത്രി ചിപ്പിയാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീദേവി എന്നാണ് ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചേട്ടത്തിയമ്മയായും സ്നേഹംനിറഞ്ഞ മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭര്‍ത്താവ് സത്യനാഥന്‍റെയും കഥ പറയുന്ന 'സാന്ത്വനം' പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ചിപ്പിക്കൊപ്പം മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളായ രാജീവ് നായര്‍, ലക്ഷ്മി, ഗിരീഷ് നമ്പ്യാര്‍, സജിന്‍, അംബിക, അപ്സര തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിയാഴ്ച അവസാനിച്ച വാനമ്പാടിയിലും ചിപ്പി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7 നാണ് സാന്ത്വനം സംപ്രേഷണം ചെയ്യുക.

പ്രൊമോ വീഡിയോ കാണാം.