Asianet News MalayalamAsianet News Malayalam

'ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ, ആ ചെക്കന്‍റെ കൂടെ കുട്ടി എങ്ങനെ ജീവിക്കും'? നിര്‍മ്മല്‍ പാലാഴിയുടെ ഓര്‍മ്മ

'ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്..'

nirmal palazhi remembers struggle he faced while marriage ten years back
Author
Thiruvananthapuram, First Published Sep 27, 2020, 2:49 PM IST

മിമിക്രി പ്രോഗ്രാമുകളുമായി നടന്ന കാലത്ത് ആഗ്രഹിച്ച വിവാഹം നടത്താന്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ് നടന്‍ നിര്‍മ്മല്‍ പാലാഴി. ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ കിട്ടുന്ന ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചവരുണ്ടെന്നും നിര്‍മ്മല്‍ പറയുന്നു. പത്താം വിവാഹവാര്‍ഷികത്തിലാണ് നിര്‍മ്മല്‍ പാലാഴി ആ കാലം ഓര്‍ക്കുന്നത്.

നിര്‍മ്മല്‍ പാലാഴിയുടെ ഓര്‍മ്മക്കുറിപ്പ്

ആ ചെക്കന്‍റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ? ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ബാറിൽ ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ടാണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവൻ. ടീമിൽഅവനോടായിരുന്നു കാര്യങ്ങൾ മൊത്തം  പറയാറ്. അടുത്ത് ബദ്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു. പ്രശ്നം രൂക്ഷമായി നിൽക്കുന്ന രാത്രി ഞാൻ തകർന്ന് ഇരിക്കുമ്പോൾ അടുത്ത്  സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത്‌ ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടിൽ പോയപ്പോൾ കൊലയിൽ ഏട്ടൻ ചോദിച്ചു, 'എന്താടാ പ്രശ്നം?? നീ വിളിച്ചാൽ അവൾ വരുമോ ?'. ഞാൻ പ്രതീക്ഷികാത്ത ചോദ്യം !! ''വരുമായിരിക്കും'' എന്ന് ഞാൻ. 'എന്നാൽ ഇങ്ങോട്ട് വിളിച്ച് പോരെടാ, ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം'. 

അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: 'സ്കൂൾ  സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ'. സുദീപ് പോയി കൂട്ടി വന്നു. ബസ്സിൽ ആദ്യ ട്രിപ്പിൾ കയറിയ സന്തോഷേട്ടൻ ഇറങ്ങി എകരത്തിൽ കയറി, പടവ് തുടങ്ങിയ ശേഖരേട്ടൻ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടൻ വന്നു, കുട്ടേട്ടൻ, ഇത്രയും ആളുകൾ വീട്ടിൽ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്‍റെ വീട്ടിൽനിന്ന് മാറ്റിച്ചു. ഏട്ടൻ താലി വാങ്ങാൻ ഉള്ള പൈസ ഫ്രണ്ട്സിന്‍റെ കയ്യിൽ ഏൽപ്പിച്ചു. മുട്ടായി തെരുവിൽ രണ്ടാം ഗെയിറ്റിന്‍റെ അടുത്തേക്ക് പോവുമ്പോൾ ഒരു അമ്പലം ഉണ്ട്, അവിടെ ഏട്ടനും സെൽവേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാൻ ആണേൽ പഴയ നടൻ വിൻസെന്‍റ് ഇടുന്നപോലെ പൂക്കൾ ഉള്ള ഷർട്ടും ഇറുകിയ പാന്‍റും. അതു കണ്ടപ്പോൾ ഏട്ടന്‍റേന്ന് പുളിച്ചത് കേട്ടു പോയി; 'വേറെ വാങ്ങി വാടാ', അതിന്‍റെ പൈസയും ഏട്ടൻ തന്നു. അങ്ങനെ ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി ഏട്ടന്‍റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി. കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ.. സലീഷ് എട്ടനിലൂടെ എല്ലാരും അറിഞ്ഞു. 

ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്. വിവാഹ വാർഷികം ആണ് എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ട  ബൽരാജ് ഡോക്ടർ ഒരു സർപ്രൈസ് ആയി വന്നു. ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്. ഇന്നലെ രാത്രി ഹരീഷിന്‍റെ വീട്ടിൽ ഞങ്ങളൊന്നു കൂടി. ആദ്യമായിട്ട് ആണ് വിവാഹ വാർഷികം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നത്. (thank you doctor) അവന്‍റെ കൂടെ എങ്ങനെ ജീവിക്കും? ജീവിതം കഴിഞ്ഞു.. തകർന്നു.. തീർന്നു... എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വർഷമായിട്ടൊ. നിങ്ങൾ പറഞ്ഞ തകർച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തിൽ 500 രൂപയിൽ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെൽ ഇതാ ഇവൾ ഇങ്ങനെ കട്ടക്ക്  കൂടെ ഉണ്ടത്കൊണ്ട് ആണ്. നിങ്ങൾ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും 'ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി'

Follow Us:
Download App:
  • android
  • ios