പടക്കളം സിനിമയിലെ ഇഷാൻ ഷൗക്കത്തിന്റെ നൃത്തരംഗത്തെ ട്രോളുകളോട് പ്രതികരിച്ച് നിർമ്മാതാവ് വിജയ് ബാബു.
കൊച്ചി: തീയറ്ററിലെ അപ്രതീക്ഷിതമായ വിജയത്തിന് ശേഷം പടക്കളം എന്ന സിനിമ അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറില്‍ എത്തിയ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അതേ സമയം ചിത്രത്തില്‍ സന്ദീപ് പ്രദീപിന്‍റെ പ്രകടനത്തിന് ഏറെ കൈയ്യടി ലഭിക്കുമ്പോള്‍. ഇഷാൻ ഷൗക്കത്ത് എന്ന നടനെതിരെ ട്രോളുകളും വരുന്നുണ്ട്.
ചിത്രത്തില്‍ നിരഞ്ജന അനൂപിന്‍റെ ബെസ്റ്റി റോളിലാണ് ഇഷാൻ എത്തുന്നത്. നേരത്തെ മാര്‍ക്കോ എന്ന ചിത്രത്തിലെ അനിയന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം. എന്നാല്‍ ഈ ചിത്രത്തിലെ പല രംഗങ്ങളും വച്ച് ഈ നടനെ വലിയ തോതില്‍ ട്രോള്‍ ചെയ്യുകയാണ്. പ്രത്യേകിച്ച് ക്ലൈമാക്സിലെ ക്ലാസിക് ഡാന്‍സ് രംഗം അടക്കം. എന്നാല്‍ ഇഷാനെതിരെ ഉയരുന്ന ട്രോളുകളെ പ്രതിരോധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പടക്കളം നിര്‍മ്മാതാവ് വിജയ് ബാബു.
ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ ചര്‍ച്ചയിലാണ് വിജയ് ബാബു തന്‍റെ അഭിപ്രായം പറഞ്ഞത്. കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. പരിശീലനംനേടിയ ഒരു കണ്ടംപററി നർത്തകനാണ് ഇഷാൻ.ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമില്ല എന്നാണ് വിജയ് ബാബു പറയുന്നത്.
വിജയ് ബാബുവിന്‍റെ കമന്‍റ് ഇങ്ങനെയായിരുന്നു
പടക്കളത്തെക്കുറിച്ചുള്ള ധാരാളം കമന്‍റുകള്‍ കാണുന്നുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവർക്കും നന്ദി. സിനിമയെക്കുറിച്ചുള്ള നിർദേശങ്ങൾ, അത് നെഗറ്റീവായാലും പോസീറ്റിവ് ആയാലും സ്വീകരിക്കുന്നു. എന്നാൽ, ചില അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം അറിയാതെ അവരെ ലക്ഷ്യമിടുന്നവരോട് വിയോജിപ്പുണ്ട്.
ഇഷാൻ ഷൗക്കത്തിനെ ലക്ഷ്യമിട്ടുകൊണ്ട് ചില പോസ്റ്റുകൾ കാണാനിടയായി. കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. പരിശീലനംനേടിയ ഒരു കണ്ടംപററി നർത്തകനാണ് ഇഷാൻ.ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമില്ല. എന്നാൽ, സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു, രണ്ട് ദിവസംകൊണ്ട് ക്ലാസിക്കൽ നൃത്തം പരിശീലിച്ച് ആ നൃത്തം ചെയ്യാമെന്ന് അവൻ സമ്മതിക്കുകയായിരുന്നുയ
ഇത് അവനെ ബാധിക്കുമെന്നിരിക്കെ ഇഷാന് വേണമെങ്കിൽ ഇതിൽ നിന്ന് പിന്മാറാമായിരുന്നു. എന്നാൽ, ഇതൊരു കോളേജ് വാർഷിക ആഘോഷത്തിലെ നൃത്തമാണെന്നും അത് പൂർണ്ണമായും പിഴവില്ലാതെ ചെയ്യണമെന്നില്ല എന്നതിനാലുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
ക്രിയാത്മകമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, യുവാക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിൽ അവരെ ലക്ഷ്യമിടരുതെന്ന് അഭ്യർഥിക്കുന്നു.
