മനീഷ മഹേഷ് നായികാ വേഷത്തിലെത്തുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. 'കൺമണി' എന്ന കഥാപാത്രമായി എത്തുന്ന മനീഷയുടെ ആദ്യ ടെലിവിഷൻ പരമ്പരയാണ് പാടാത്ത പൈങ്കിളി. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മനീഷയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ ഇതിനോടകം തന്നെ സാധിച്ചു.  ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മനീഷയ്ക്ക് വലിയ ആരാധകരുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മനീഷ. സ്കൈ ബ്ലൂ സാരിയിൽ വ്യത്യസ്ഥ പോസുകളിലാണ് താരത്തിന്‍റെ ചിത്രങ്ങൾ. ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ നിരവധി റിയാക്ഷനുകളാണ് ലഭിച്ചത്.

ജീവിത യാഥാർത്ഥ്യങ്ങളുമായുള്ള 'കൺ‌മണിയുടെ' പോരാട്ടത്തിന്റെ കഥയാണ്  പാടാത്ത പൈങ്കിളി പറയുന്നത്. പ്രണയത്തിന്‍റെ ഊഷ്മളതയും പകയുടെ ചൂടും വിവിധ കഥാപാത്രങ്ങളിലൂടെ പരമ്പര  തുറന്നുകാട്ടുന്നു.  

നാടൻ ലുക്കിൽ അതിസാധാരണ പെൺകുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നത്. എന്നാൽ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി എത്തിയ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രിയപ്പെട്ട നായികയുടെ മറ്റൊരു മുഖം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ടിക്ക് ടോക്ക് വീഡിയോകളിലെ ശ്രദ്ധേയമായ  പ്രകടനമായിരുന്നു മനീഷയെ  പരമ്പരയിലേക്കെത്തിച്ചത്.