ഹൃസ്വചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലക്ജിത്ത് ഓഡീഷനിലൂടെയാണ് പരമ്പരയിലേക്കെത്തിയത്.

ലയാളികള്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് ദേവ. കണ്മണിയായി മനീഷ മോഹന്‍ വേഷമിടുമ്പോള്‍ നയക വേഷത്തില്‍ സൂരജ് സണ്‍ ആയിരുന്നു പരമ്പരയിലെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പരമ്പരയില്‍ പുതിയ നടനാണ് ദേവയെ കൈകാര്യം ചെയ്യുന്നത്. ദേവയായെത്തി മലയാളികളുടെ മനം കവര്‍ന്ന സൂരജ് പരമ്പരയില്‍നിന്ന് പിന്മാറുകയാണെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെല്ലാം ചര്‍ച്ചയായിരുന്നു. എന്നാല്‍ ആഴ്ചകളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ ദേവ എത്തിയതോടെ, സൂരജിനെ തിരിച്ച് കൊണ്ടുവരണമെന്നും മറ്റും പറഞ്ഞുകൊണ്ട് നിരവധി ആരാധകരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റിടുന്നത്.

പാടാത്ത പൈങ്കിളില്‍ ഇപ്പോള്‍ ദേവയായെത്തിയിരിക്കുന്നത് കാസര്‍ഗോഡുകാരനായ ലക്ജിത്ത് സൈനിയാണ്. ഹൃസ്വചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലക്ജിത്ത് ഓഡീഷനിലൂടെയാണ് പരമ്പരയിലേക്കെത്തിയത്. കാഴ്ചയില്‍ സൂരജിന്റെ ചെറിയ രൂപസാദൃശ്യമുള്ള ലക്ജിത്തിനെയാണ് അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

''എന്റെ സ്വപ്‌നത്തിന്റെ ആദ്യപടിയാണിത്. ഇനിമുതല്‍ നിങ്ങളുടെ പ്രിയപ്പെട്ട പരമ്പരയിലൊരാളായി ഞാനുമുണ്ടാകും. വര്‍ഷങ്ങളായി സിനിമയോടും അഭിനയത്തോടുമുള്ള അതിയായ ആഗ്രഹങ്ങളും കൊണ്ടുനടക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൊറോണയുടെ ഈയൊരുകാലത്ത് അഭിനയപരമായ യാതൊന്നും നടക്കില്ലെന്നാണ് കരുതിയത്, എന്നാല്‍ പരമ്പരയിലേക്കെത്താനുള്ള നല്ലൊരു അവസരമാണ് കിട്ടിയിരിക്കുന്നത്. ഇനി മിനിസ്‌ക്രീനില്‍ നിങ്ങള്‍ക്കെന്ന പതിവായി കാണാം, അത് നമ്മളെ കൂടുതല്‍ അടുപ്പിക്കും എന്ന് കരുതുന്നു. എല്ലാ പിന്തുണയുമായി നിങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. എല്ലാറ്റിനും ഒരുപാട് നന്ദി' എന്നാണ് പരമ്പരയുടെ പ്രെമോ പങ്കുവച്ചുകൊണ്ട് ലക്ജിത്ത് കുറിച്ചത്.

സൂരജ് പിന്മാറുന്നതിനെക്കുറിച്ച് യൂട്യൂബിലെ ചില ചാനലുകള്‍ പലവിധത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളൊന്നുമല്ല പിന്മാറ്റത്തിന്റെ കാരണമെന്നും, തനിക്ക് നട്ടെല്ലിനുള്ള ചെറിയൊരു പ്രശ്‌നത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞദിവസം സൂരജ് വ്യക്തമാക്കിയിരുന്നു. ശാരീരികപ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറുമെന്ന് കരുതിയെങ്കിലും കുറച്ചുകാലം വിശ്രമം ആവശ്യമായപ്പോള്‍, പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സൂരജ് കഴിഞ്ഞദിവസം പറഞ്ഞത്.

View post on Instagram


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona