പരസ്പരത്തിലെ 'സൂരജേട്ടനെ' സീരിയല്‍ കാണുന്ന മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരസ്പരം പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ അത് കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. വിവേക് ഗോപനാണ് പരസ്പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്.

ശരീര സംരക്ഷണത്തിൽ വിവേകിനുള്ള താല്‍പര്യം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യവുമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ വിവേക് ഗോപന്‍ മോഡല്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ഉടനെ ജിം പൂട്ടിയതിനാല്‍ വീട്ടിലെ ഗ്യസ്‌കുറ്റികൊണ്ട് വ്യായാമം ചെയ്യുന്ന വിവേകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പരസ്പരത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം വിവേക് ഗോപനിപ്പോള്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ പരമ്പരയിലൂടെ മലയാളികളുടെ സ്വന്തം കസ്തൂരിയായ സ്‌നിഷയാണ് കാര്‍ത്തികദീപത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ക്രിക്കറ്റിലൂടെയും മലയാളിക്ക് വിവേക് ഗോപന്‍ പരിചിതനാണ്. അഭിനയം പോലെതന്നെ തന്റെ മറ്റൊരു പാഷനാണ് ക്രിക്കറ്റെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമാ താരങ്ങള്‍ക്കായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ പലതിലും വിവേക് മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ വീട്ടുകാരൊന്നിച്ച് സമയം നല്ല രീതിയില്‍ സമയം ചിലവിടാന്‍ സാധിച്ചെന്നും, ഭാര്യയും മകനുമൊന്നിച്ച് നല്ല രീതിയില്‍ സമയം ചിലവഴിച്ചെന്നും അടുത്തിടെയുള്ള അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു. ഭാര്യ സുമിയും, മകന്‍ സിദ്ധാര്‍ത്ഥുമാണ് വിവേകിന്റെ അണുകുടുംബത്തിലെ അംഗങ്ങള്‍.