ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകരുതെന്ന് യുട്യൂബ് ചാനൽ പ്രവർത്തകരോട് രമേഷ് പിഷാരടി

താരങ്ങളുടെയും മറ്റും പബ്ലിക് അപ്പിയറന്‍സുകള്‍ ഉള്ളടക്കമാക്കുന്ന യുട്യൂബ് ചാനലുകള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. ചിലപ്പോഴൊക്കെ പൊതുവിടങ്ങളിലെ അവരുടെ പെരുമാറ്റവും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നല്‍കലും വിമര്‍ശനവിധേയമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പാലക്കാട് എംഎല്‍എയും നടനുമായ രമേഷ് പിഷാരടി യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരോട് നടത്തുന്ന സംഭാഷണമാണ് വീഡിയോയില്‍. ഒരു ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുന്ന രമേഷ് പിഷാരടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്ന യുട്യൂബര്‍മാരോട് രമേഷ് പിഷാരടി പറയുന്ന കാര്യമാണ് രസകരം.

ഇനി ഞാന്‍ വിനയത്തില്‍ പോയി എന്നൊന്നും പറയരുത്. തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പോകുന്നത്. അതുകൊണ്ടാണ് ഓട്ടോയില്‍ പോകുന്നത്. ഇതാണ് സുഖം. ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറഞ്ഞേക്കരുത്, രമേശ് പിഷാരടിയുടെ വാക്കുകള്‍. അടുത്തിടെ സലിം കുമാറിന്‍റെ സംസ്കാര സമയത്ത് അദ്ദേഹത്തിന്‍റെ വീട്ടില്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ തിക്കും തിരക്കും സൃഷ്ടിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. രമേഷ് പിഷാരടിയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണമെന്നും രമേഷ് പിഷാരടി അന്ന് പറഞ്ഞിരുന്നു.

“ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല”, രമേഷ് പിഷാരടി അന്ന് പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming