മരണത്തിന് കീഴടങ്ങാതെ, തിരികെ വീട്ടിലെത്തിയ 'ഇന്ദിര'യെ കണ്ട് 'പ്രിയ'യും വീട്ടിലെ മറ്റുള്ളവരും അതിശയിക്കുന്നുണ്ട്

വൈകാരികമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനികുന്ന പരമ്പരയാണ് സസ്നേഹം. സ്‌കൂള്‍കാലത്ത് പരിചിതരായിരുന്ന ബാലചന്ദ്രനും ഇന്ദിരയും വീട് നിറയെയുള്ള കുടുംബാംഗങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നു. സ്‌കൂള്‍ക്കാലത്ത് പരസ്പരമുണ്ടായിരുന്ന പ്രണയം, പറഞ്ഞറിയിക്കാനാകാതെ ഇരുവരും ജീവിതത്തിന്‍റെ ഇരുവശത്തേക്കായി പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാല്‍ വളരെ കാലത്തിനുശേഷം വിധി ഇരുവരെയും വീണ്ടും കൂട്ടിമുട്ടിക്കുകയാണ്. മകളുടെ സ്വത്ത് മോഹത്താല്‍ വഞ്ചിക്കപ്പെട്ട ഇന്ദിര, ജീവിതകാലം മുഴുവനായി കൂട്ടിവച്ച സമ്പാദ്യംകൊണ്ട് മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് കണ്ണില്‍ ചോരയില്ലാത്ത ഒരാളുടെ കൂടെയാണെന്ന് വൈകിയറിഞ്ഞ ബാലചന്ദ്രന്‍.

ഏത് വിധേയവും ഇന്ദിരയെ വീട്ടില്‍നിന്നും ഒഴിവാക്കണം എന്നാണ് മരുമകള്‍ പ്രിയ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനായി പ്രിയ തെരഞ്ഞെടുക്കുന്ന വഴി പരമ്പരയുടെ പ്രേക്ഷകരെയാകെ ഞെട്ടിച്ചിരുന്നു. സ്നേഹം നടിച്ച് ഇന്ദിരയെ അമ്പലത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും അവിടെവച്ച് ഇന്ദിരയെ പുഴയിലേക്ക് തള്ളിയിടുകയുമാണ് പ്രിയ ചെയ്തത്. തിരികെ വീട്ടിലെത്തി ഇന്ദിരയുടെ മകനോട് അമ്മ ഇനി മടങ്ങിവരില്ലെന്ന് ഭാര്യ പ്രിയ പറയുന്നുണ്ടെങ്കിലും. ആദ്യം സങ്കടം നടിക്കുന്ന മകനും ഭാര്യയ്ക്കൊപ്പം ചേരുകയാണുണ്ടായത്. എന്നാല്‍ പുഴയിലേക്ക് വീഴുന്ന ഇന്ദിരയെ അഡ്വ: ശങ്കരനാരായണന്‍ കാണുകയും രക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ദിരയെ പുഴയിലേക്ക് തള്ളിയിട്ടത് ഒരു സ്ത്രീയാണെന്നും അവ്യക്തമായി താനത് കണ്ടിരുന്നുവെന്നും പൊലീസിനോട് ശങ്കരനാരായണന്‍ പറയുന്നുണ്ട്.

മരണത്തിന് കീഴടങ്ങാതെ, തിരികെ വീട്ടിലെത്തിയ ഇന്ദിരയെ കണ്ട് പ്രിയയും വീട്ടിലെ മറ്റുള്ളവരും അതിശയിക്കുന്നുണ്ട്. താനല്ല ഇന്ദിരയെ പുഴയിലേക്ക് തള്ളിയിട്ടത് എന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രിയ പരമാവധി ശ്രമിക്കുന്നുണ്ട്. മടങ്ങിവന്ന ഇന്ദിര തന്നെ തള്ളിയിട്ടത് പ്രിയ ആണെന്ന സത്യം ആരോടുംതന്നെ പറയുന്നില്ല. കൂടാതെ സത്യം ആരോടും പറയരുതെന്ന് ഇന്ദിരയോട് പ്രിയ ശട്ടം കെട്ടുന്നുമുണ്ട്.

ഇന്ദിരയെ പുഴയിലേക്ക് തള്ളിയിടുന്നത് കണ്ടുവെന്നാണ് ശങ്കരനാരായണന്‍ പോലീസിനോട് പറയുന്നത്. അതുകൊണ്ടുതതന്നെ അന്വേഷണത്തിനായി പോലീസും കൂടെ ശങ്കരനാരായണനും ഇന്ദിരയുടെ വീട്ടിലെത്തുന്നുണ്ട്. വസ്ത്രത്തില്‍ തട്ടി യാദൃശ്ചികമായി താന്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്നും ആരും തള്ളിയിട്ടതല്ലെന്നുമാണ് ഇന്ദിര പറയുന്നത്. എന്നാല്‍ കൊല്ലാന്‍ ശ്രമിച്ചത് ഇന്ദിരയുടെ മരുമകള്‍ പ്രിയയാണെന്ന് വക്കീല്‍ ശങ്കരനാരായണന് മനസ്സിലാകുന്നുണ്ട്. വക്കീല്‍ എന്തെങ്കിലും സൂത്രപണികളിലൂടെ കേസ് മുന്നോട്ട് കൊണ്ടുപോകുമോ, അതോ ക്രൂരപ്രവൃത്തി ചെയ്ത പ്രിയ ഒരു കേസുമില്ലാതെ രക്ഷപ്പെടുമോ എന്നറിയാന്‍ മുന്നോട്ടുള്ള എപ്പിസോഡുകള്‍ കാണേണ്ടിയിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona