കൊവിഡ് കാലത്ത് ശരീരസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട് പല സിനിമാതാരങ്ങളും. ടൊവീനോ തോമസും പൃഥ്വിരാജുമാണ് അക്കൂട്ടത്തിലെ രണ്ട് പ്രധാനികള്‍. ജിമ്മില്‍ നിന്നുള്ള തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഇടയ്ക്കിടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ ഭാരം കാര്യമായി ഉയര്‍ത്തേണ്ട ഡെഡ്‍ലിഫ്റ്റിംഗ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

130 കിലോ ഭാരം അഞ്ച് തവണയാണ് അദ്ദേഹം ഉയര്‍ത്തുന്നത്. വെയ്റ്റ് ട്രെയ്‍നിംഗ് വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡെഡ്‍ലിഫ്റ്റ്. ഉയര്‍ന്ന ഭാരമുള്ള ബാര്‍ബെല്‍ നിലത്തുനിന്നും ഉയര്‍ത്തി നിവര്‍ന്നു നിന്ന്, തിരികെ താഴെവെക്കുകയാണ് ഡെഡ്‍ലിഫ്റ്റില്‍ ചെയ്യുന്നത്. 

പൃഥ്വിരാജിനെ സംബന്ധിച്ച് ലോക്ക് ഡൗണിന്‍റെ ആദ്യസമയത്ത് ആടുജീവിതത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനില്‍ ആയിരുന്നു അദ്ദേഹം. ചിത്രത്തിനുവേണ്ടി 30 കിലോ ശരീരഭാരം കുറച്ച് വലിയ തയ്യാറെടുപ്പും നടത്തിയിരുന്നു. തിരികെ എത്തിയശേഷം ശരീരഭാരം വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. ജോര്‍ദ്ദാനില്‍ നിന്നും തിരികെയെത്തിയ സമയത്ത് താമസിച്ച ഫോര്‍ട്ട് കൊച്ചിയിലെ പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ താല്‍പര്യപ്രകാരം ഒരു മിനി ജിം ഒരുക്കി നല്‍കിയിരുന്നു.