പൃഥ്വിരാജിന്റെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് 'കോള്‍ഡ് കേസ്'. എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പൃഥ്വിരാജ്  സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്‍തിരുന്നു. ഈ ചിത്രത്തിന് ആനന്ദ് മഹീന്ദ്ര നൽകിയ കമന്റും അതിന് പൃഥ്വി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന ചിത്രമായിരുന്നു നടന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍', എന്നായിരുന്നു ചിത്രത്തിന് ആനന്ദ് മഹീന്ദ്രയുടെ കമന്റ്. ഇതിന് മറുപടിയായി തന്റെ അച്ഛനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു താരം കുറിച്ചത്.

'താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ല', എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

ലോക്ക് ഡൗണിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ കാക്കി വേഷമായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. വേറിട്ട തരത്തിലുള്ള അന്വേഷണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുക.ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍ എന്നിവരാണ് നിര്‍മാണം. ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.