നടി പ്രിയാ വാര്യരുടെ ആദ്യത്തെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മധ്യവയസ്‌കനായ ഒരു കാമുകനോടൊപ്പമാണ് ഇത്തവണ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീദേവി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രിയാ വാര്യരാണ് ചിത്രത്തില്‍ ശ്രീദേവിയായി എത്തുന്നത്. 

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തോടുള്ള സാമ്യത്തിന്റെ പേരില്‍ ചിത്രം ഇപ്പോള്‍ തന്നെ വിവാദങ്ങളില്‍ ഇടംനേടി കഴിഞ്ഞു. കടുത്ത വിഷാദം നേരിടുന്ന ഒരു കഥാപാത്രത്തെയാണ് പ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തം. അങ്ങിങ്ങായി ഒരു ഹൊറര്‍ ചിത്രത്തിന്റെ ലക്ഷണങ്ങളും കാണാം.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറും വലിയ വിവാദങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. ലൈക്കുകളെക്കാളേറെ ഡിസ്ലൈക്കുകളാണ് ആ ടീസര്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍ രണ്ടാമത്തെ ടീസറിന് മികച്ച വരവേല്‍പാണ് മലയാളികള്‍ നല്‍കിയിരിക്കുന്നത്. പ്രിയ വാര്യരെ പിന്തുണച്ചും അഭിനന്ദിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 2009 ല്‍ മോഹന്‍ലാല്‍ നായകനായെത്തിയ ഭഗവാനിലൂടെയാണ് പ്രശാന്ത് സംവിധാനരംഗത്തേക്ക് കടക്കുന്നത്. 

ലണ്ടന്‍ നഗരവും ആഢംബരക്കാറുകളും ബംഗ്ലാവുകളും നിറഞ്ഞുനില്‍ക്കുന്ന ടീസറുകളിലെല്ലാം ഗ്ലാമറസായാണ് പ്രിയാ വാര്യര്‍ എത്തുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിര്‍മാതാക്കളായ ചന്ദ്രശേഖര്‍ എസ്.കെയും മനീഷ് നായരും റോമന്‍ ഗില്‍ബെര്‍ട്ടും ചിത്രത്തിനായി 70 കോടി രൂപയാണ് മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരണം.

പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ മുഖ്യധാരാ ചിത്രങ്ങളില്‍ കണ്ടുപരിചയമില്ലാത്ത അഭിനേതാക്കളാണ് ചിത്രത്തിലധികവും. ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടോന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടി വരും. ആറാട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലെത്തുന്ന ചിത്രം മെയില്‍ പ്രദര്‍ശനത്തിനെത്തും.