മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. 14 മണിക്കൂർ നീണ്ട, അതീവ വേദനാജനകമായ ശസ്ത്രക്രിയയിലൂടെയാണ് താൻ ആഗ്രഹിച്ച സ്ത്രീജീവിതം നേടിയതെന്ന് അവർ പറയുന്നു.

കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. ഡോറ എന്ന ബ്രാൻഡും അതിലൂടെ ഒട്ടനവധി പേരെ തൊഴിലിലേക്കും നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇന്ന് രഞ്ജു. എന്നാൽ ഈ നിലയിലേക്ക് എത്താൻ അവർ നടത്തിയ യാത്രകൾ ഏറെ ദുർഘടവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. അക്കാര്യം പലപ്പോഴും രഞ്ജു തുറന്നു പറഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് ആണിൽ നിന്നും പെണ്ണായി മാറിയതിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. സമീപ കാലത്ത് ലിം​ഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രഞ്ജു തന്റെ അനുഭവം പങ്കുവച്ചത്. ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്ക് അടിച്ചേൽപ്പിക്കരുത് അപേക്ഷിക്കുകയാണെന്നും രഞ്ജു രഞ്ജിമാർ അഭ്യർത്ഥിക്കുന്നുണ്ട്.

രഞ്ജു രഞ്ജിമാരുടെ വാക്കുകൾ ഇങ്ങനെ

ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു. ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ. ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേർക്ക് അറിയാം. നിങ്ങൾക്കു പറയാം,----മുറിച്ചു എന്നൊക്കെ. എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും പേടിക്കാതെ വിട്ടു കൊടുക്കുന്നു. ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത്. അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്ദിച്ചു ഓർമ്മൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം, പെണ്ണാകുക,, എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം. നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല. ലോകം എത്ര പുരോഗമിച്ചാലും ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും. നിങ്ങൾക്ക് തടയാൻ ആവില്ല. സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ..ഇവിടെ ആരും ആർക്കും എതിരല്ല. ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്