സ്യൂട്ടും കണ്ണടയും വാച്ചുമൊക്കെ ധരിച്ച് ഒരു ഹിന്ദി ഗാനത്തിനൊപ്പിച്ച് ചുവട് വെക്കുകയാണ് അമിതാഭ് ബച്ചന്‍! ഒറ്റനോട്ടത്തില്‍ ബോളിവുഡിന്‍റെ ബിഗ് ബി തന്നെയെന്ന് തോന്നിപ്പിട്ട് കണ്‍കെട്ട് നടത്തുന്ന ഒരു അപരനെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അമിതാഭ് ബച്ചന്‍റെ അപരനായി അറിയപ്പെടുന്ന ശശികാന്ത് പെധ്വാളിന്‍റെ വീഡിയോ ആണ് പ്രിയന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

വീഡിയോയില്‍ അവിശ്വസനീയത തോന്നിയിട്ട് അതു തീര്‍ക്കാനായി താന്‍ അഭിഷേക് ബച്ചനെ തന്നെ വിളിച്ചുവെന്ന് പറയുന്നു പ്രിയദര്‍ശന്‍- "അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്‍റെ അപരനായ  ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍  സത്യം തന്നെ എന്ന് പറഞ്ഞു", വീഡിയോയ്ക്കൊപ്പം പ്രിയന്‍ കുറിച്ചു.

 

ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള അപരനാണ് ശശികാന്ത് പെധ്വാള്‍. അധ്യാപകനായ ശശികാന്ത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി വിവിധ വേദികളില്‍ അമിതാഭ് ബച്ചനെ അവതരിപ്പിക്കുന്നു. സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവം. കാന്‍സര്‍ രോഗികള്‍ക്കായുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. കൊവിഡ് രോഗികളെ വീഡിയോ കോളുകളിലൂടെ രസിപ്പിക്കുന്ന ശശികാന്ത് അടുത്തിടെയും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.