പരസ്പരം ചുംബിച്ചാണ് പ്രിയങ്കയും നിക്കും വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ രണ്ടാമത്തെ പുതുവർഷത്തെ വരവേറ്റത്. ഫ്ലോറിഡയിൽവച്ച് ജൊനാസ് സഹോദരൻമാർ അവതരിപ്പിച്ച സ്റ്റേജ് പരിപാടിക്കിടെയായിരുന്നു നിക്കും പ്രിയങ്കയും ചുംബിച്ചത്.
ന്യൂയോർക്ക്: ബോളിവുഡിലെയും ഹോളിവുഡിലെയും ആരാധകരുടെ പ്രിയ താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും രണ്ടാമത്തെ പുതുവർഷ ആഘോഷമാണ് ഇന്നലെ ഫ്ലോറിഡയിൽ വച്ച് നടന്നത്. കഴിഞ്ഞ തവണ സ്വിസർലൻഡിൽ വച്ചായിരുന്നു പ്രിയങ്ക-നിക്ക് ദമ്പതികൾ പുതുവർഷം ആഘോഷിച്ചിരുന്നത്. എന്നാൽ, പ്രിയങ്കയുടെയും നിക്കിന്റെയും ഇത്തവണത്തെ പുതുവർഷാഘോഷം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. എന്താണെന്നല്ലേ? ആരാധകർക്ക് മുന്നിൽ സ്റ്റേജിൽവച്ച് പരസ്പരം സ്നേഹചുംബനം നൽകിയാണ് പ്രിയങ്കയും നിക്കും 2020നെ വരവേറ്റത്.
ഫ്ലോറിഡയിൽവച്ച് ജൊനാസ് സഹോദരൻമാർ അവതരിപ്പിച്ച സ്റ്റേജ് പരിപാടിക്കിടെയായിരുന്നു നിക്കും പ്രിയങ്കയും ചുംബിച്ചത്. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സ്റ്റേജ് ഷോ ഒരുക്കിയത്. പ്രിയങ്കയ്ക്കൊപ്പം നിക്കിന്റെ സഹോദരനര്റെ ഭാര്യ ഡാനിയൽ ജൊനാസും ജോ ജൊനാസിന്റെ ഭാര്യ സോഫിയ ടർണറും ഉണ്ടായിരുന്നു. പരിപാടിക്കിടെ ജൊനാസ് സഹോദരൻമാർ ഭാര്യമാരെ വേദിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. വൈൻ ഗ്ലാസുമായി വേദിയിലെത്തിയ പ്രിയങ്കയെ നിക്ക് ഗാഢമായി ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2019ലെ പുതുവർഷാഘോഷ പരിപാടിക്കിടയിലും ഇരുവരും ചുംബിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഏതായാലും ആരാധകരുടെ മുന്നിൽ വച്ച് പരസ്പരം ചുംബിച്ചതിനെതിരെ ദമ്പതികളെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. മികച്ച അഭിനയത്തിലൂടെ ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടംനേടിയ താരമാണ് പ്രിയങ്ക ചോപ്ര. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിൽ സജീവമാകാനൊരുങ്ങുകയാണ് താരം.
ഫർഹാൻ അക്തറിനൊപ്പം നായികയായെത്തുന്ന 'ദി സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയത്തിലേക്ക് വീണ്ടുമെത്തുന്നത്. 'ഇഫ് ഐ കുഡ് ടെൽ യു ജസ്റ്റ് വൺ തിംഗ്' എന്ന യൂട്യൂബ് സീരീസിലും പ്രിയങ്ക വേഷമിടുന്നുണ്ട്. ഇതിനിടെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളും താരം നിർമ്മിച്ചിട്ടുണ്ട്. നിക്ക് ജൊനാസിനെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു 2019. ആറുവർഷത്തിന് ശേഷം മാർച്ചിൽ ജൊനാസ് സഹോദരൻമാർ പുറത്തിറക്കിയ 'സക്കർ' എന്ന ആൽബം ലോകത്താകമാനം വൻ വിജയം നേടി. ജൊനാസ് സഹോദരൻമാരും ഭാര്യമാരുമായിരുന്നു ആൽബത്തിൽ വേഷമിട്ടത്.
